ന്യൂജെന്‍ വിശുദ്ധ താരനിരയിലേക്ക്
ഇറ്റാലിയന്‍ പെണ്‍കുട്ടി ജിയൂലിയ ഗബ്രിയേലിയയും
ജോര്‍ജ് കൊമ്മറ്റം - നവംബർ 2026
വിശുദ്ധപദവി കാത്തുകഴിയുന്ന ന്യൂജെന്‍ യുവനിരയിലേക്ക് ഇറ്റലിക്കാരിയായ ജിയൂലിയ ഗബ്രിയേലിയെക്കൂടി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചേര്‍ത്തുവച്ചിരിക്കുന്നു. 14 വര്‍ഷമേ അവള്‍ക്ക് ഭൂമിയില്‍ ചിലവഴിക്കാന്‍ ലഭിച്ചുള്ളുവെങ്കിലും വിശുദ്ധരുടെ താരനിരയില്‍ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടതെല്ലാം അവള് ആ ചെറിയ കാലം കൊണ്ട് ചെയ്തുതീര്‍ത്തിരുന്നു.
2026 നവംബര്‍ 21 നാണ് മാര്‍പാപ്പ അവളെ ധന്യ എന്ന് വിളിച്ചത്. വീരോചിത പുണ്യങ്ങള്‍ അഭ്യസിച്ച് കടന്നുപോയ ഈ പെണ്‍കുട്ടിയുടെ ജീവിതം അനുകരണീയമാണെന്നാണ് അതിനര്‍ത്ഥം. ഇനി അവളുടെ മധ്യസ്ഥതയില്‍ 2 അത്ഭുതങ്ങള്ക്കൂടി നടന്നാല്‍ അവളെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.
വിശുദ്ധ ജീവിതം നയിച്ച് കടന്നുപോയ 21 -ാം നൂറ്റാണ്ടിലെ യുവാക്കള്‍ക്കിടയില്‍ ഇതോടെ മറ്റൊരു പുണ്യചരിത കൂടി..
1997 മാര്‍ച്ച് 3 നാണ് ഇറ്റലിയില്‍ അവള് പ്രപഞ്ചവെളിച്ചം നുകര്‍ന്നത്. 2009 ലാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. പാരീഷിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവള് മുമ്പിലായിരുന്നു.
സത്യത്തില്‍ 21-ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു സാധരണ പെണ്‍കുട്ടിയായിരുന്നു അവള്. ഷോപ്പിംഗും യാത്രകളും ഇഷ്ടപ്പെട്ട, പോപ് മ്യൂസിക് ആസ്വദിച്ച സാധാരണക്കാരിയായ, സന്തുഷ്ടയായ, ഊര്‍ജ്ജസ്വലയായ ഒരു പെണ്‍കുട്ടി.
2009 ല്‍ ഭീകരമായ കാന്‍സര്‍ രോഗം അവളെ പിടികൂടിയപ്പോഴാണ് അവളുടെ വിശുദ്ധി പൂവണിഞ്ഞത്. കീമോതെറാപ്പിയും സര്‍ജറിയും അവളുടെ സന്തതസഹചാരികളായി മാറി. പക്ഷേ അവള് പതറിയില്ല. സന്തോഷം ഒട്ടും കുറഞ്ഞതുമില്ല. മരുന്നു കഴിച്ചുകൊണ്ടുതന്നെ അവള് ലൂര്‍ദ്ദിലേക്കും മെഡ്ജുഗാരോയിലേക്കും തീര്‍ത്ഥാടനങ്ങള്‍ നടത്തി.
ഇറ്റലിക്കാരിയും 18 വയസില്‍ സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ, വാഴ്ത്തപ്പെട്ട ചിയാര ലൂസ് ബദാനോയുടെ ജീവിതം നമ്മുടെ ജിയൂലിന്റെ പ്രചോദനം.
സഹനങ്ങളുടെ നെരിപ്പോടില്‍ എരിയുമ്പോഴും അവള് ദൈവത്തിലുള്ള വിശ്വാസം കൈവിട്ടില്ല. അവളുടെ വിശ്വാസത്തിന്റെ സാക്ഷ്യം എ ഹുക്ക് ഇന്‍ ദ മിഡില്‍ ഓഫ് ദ സ്കൈ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, തനിക്കുലഭിച്ച എല്ലാ അനുഗ്രഹങ്ങളും ഓര്‍ത്തുകൊണ്ട് അവള് നന്ദിയുടെ ഒരു ചാപ്ലെറ്റും എഴുതിയിരുന്നു.
ജിയൂലിയ 19 ഓഗസ്റ്റ് 2011 ല്‍ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങിപ്പോയി. വര്‍ഷങ്ങള്‍ക്കുശേഷമാണ് അവളുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും അവളെ അടുത്തറിഞ്ഞവര്‍ അവളെ വിശുദ്ധയെന്ന് വിളിച്ചിരുന്നു.
Send your feedback to : onlinekeralacatholic@gmail.com