സിനിമാതാരമാകാൻ കൊതിച്ചവൾ... ക്രിസ്തുവിന്റെ മണവാട്ടിയായി!
സി. സോണിയ കെ. ചാക്കോ, DC - നവംബർ 2026
ലോകത്തിന്റെ കൈയടികൾക്കു പകരം ക്രിസ്തുവിന്റെ സ്നേഹം തിരഞ്ഞെടുത്ത സിസ്റ്റർ ക്ലാര ക്രോക്കറ്റിന്റെ ജീവിതം ഇന്നും അനേകർക്ക് പ്രചോദനം.
സിനിമാതാരമാകാൻ കൊതിച്ച, എന്നാൽ അറിയപ്പെടാത്ത ഒരു സന്യാസജീവിതം തിരഞ്ഞെടുത്ത് ഏറ്റവും സന്തോഷത്തോടെ സന്യാസം ജീവിച്ച സിസ്റ്ററാണ് ക്ലാര ക്രോക്കറ്റ്. ആ സന്തോഷത്തിന്റെ പ്രഭ ജീവിച്ചിരുന്നപ്പോഴും മരണശേഷവും അനേകരിലേക്ക് ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സിസ്റ്റർ ക്ലാരയുടെ ജീവിതം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടി ന്റെ തുടക്കത്തിൽ അയർലൻഡിൽ തിളങ്ങിനിൽക്കാൻ കൊതിച്ച ഒരു യുവതിയായിരുന്നു ക്ലാര (Clare Crockett, 1982–2016). അറിയപ്പെടുന്ന ഒരു സിനിമാനടിയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ 2000-ലെ ദുഃഖവെള്ളി അവളുടെ ജീവിതത്തെ മാറ്റിമറിച്ചു.
അന്ന് സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങളിൽ മുഴുകിയിരുന്ന ക്ലാരയ്ക്ക് പെട്ടെന്ന് പള്ളിയിൽ പോകണമെന്നൊരു ഉൾവിളിയുണ്ടായി. സ്പെയിനിൽ നടന്ന വിശുദ്ധവാര ധ്യാനത്തിനിടയിൽ അവൾ ദേവാലയത്തിലെത്തി. തിരുക്കർമ്മങ്ങൾക്കുശേഷം വിശുദ്ധ കുരിശിനെ വണങ്ങുമ്പോൾ ക്രിസ്തുവി ന്റെ സ്നേഹവും പീഡാസഹനവും അവളുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. തന്റെ ജീവിതം ക്രിസ്തുവിന്റെ സ്നേഹത്തിന് എത്രത്തോളം മറുപടി നൽകുന്നുണ്ടെന്ന ചിന്ത അവളിൽ ശക്തമായി.
അതിനുമുമ്പ് കണ്ടിരുന്ന സ്വപ്നങ്ങളും ആഗ്രഹങ്ങളും അവൾക്ക് പുതിയൊരു വെളിച്ചത്തിൽ കാണാനായി. ഏറ്റവും അറിയപ്പെടുന്ന ഒരു സിനിമാനടിയാകണമെന്ന ആഗ്രഹം അവൾ ക്രിസ്തുവിനുവേണ്ടി മാറ്റിവെച്ചു. പിന്നീട് ഈശോയ്ക്കുവേണ്ടി ഒരു സന്യാസിനിയായി ജീവിക്കാൻ തീരുമാനിച്ചു.
ദൈവവിളി തിരിച്ചറിഞ്ഞ് മഠത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചപ്പോഴും ക്ലാരയുടെ ജീവിതത്തിൽ മാറ്റിവെക്കേണ്ട പല ശീലങ്ങളുമുണ്ടായിരുന്നു. ഒരു കൈയിൽ കത്തുന്ന സിഗരറ്റുമായാണ് അവൾ സന്യാസജീവിതത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയതെന്ന് അവളുടെ ജീവിതസാക്ഷ്യങ്ങളിൽ വിവരിക്കുന്നുണ്ട്. എങ്കിലും, ക്രിസ്തുവിനുവേണ്ടി ജീവിതം സമർപ്പിക്കാനുള്ള അവളുടെ തീരുമാനം ഉറച്ചതായിരുന്നു.
2001 ഓഗസ്റ്റ് 11-ന് പതിനെട്ടാം വയസ്സിൽ സ്പെയിനിലെ Servant Sisters of the Home of the Mother എന്ന സന്യാസസമൂഹത്തിൽ അവൾ പ്രവേശിച്ചു. പരിശീലനത്തിനുശേഷം സിസ്റ്റർ ക്ലാര മരിയ ഓഫ് ദി ട്രിനിറ്റി ആൻഡ് ദി ഹാർട്ട് ഓഫ് മേരി എന്ന പേര് സ്വീകരിച്ചു. 2006 ഫെബ്രുവരി 18-ന് പ്രഥമ വ്രതവാഗ്ദാനങ്ങളും 2010 സെപ്റ്റംബർ 8-ന് നിത്യവ്രതവാഗ്ദാനങ്ങളും സ്വീകരിച്ചു.
സ്പെയിൻ, അമേരിക്ക, അയർലൻഡ്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽ ഈശോയ്ക്കുവേണ്ടി അവൾ സേവനമനുഷ്ഠിച്ചു. കുട്ടികളോടും യുവജനങ്ങളോടും പ്രത്യേകമായ സ്നേഹമുണ്ടായിരുന്ന സിസ്റ്റർ ക്ലാര, സംഗീതത്തോടുള്ള താൽപര്യവും ഗിറ്റാർ വായിക്കാനുള്ള കഴിവും സുവിശേഷപ്രഘോഷണത്തിനായി വിനിയോഗിച്ചു.
അവളുടെ സാമീപ്യം തന്നെ അനേകർക്ക് സന്തോഷത്തി ന്റെ യും ഈശോയുടെ സാന്നിധ്യത്തിന്റെയും അടയാളമായിരുന്നു. തമാശകളിലൂടെയും പാട്ടുകളിലൂടെയും സ്നേഹപൂർവമായ ഇടപെടലുകളിലൂടെയും അവൾ അനേകരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചു. സന്യാസജീവിതം സന്തോഷത്തോടെ ജീവിക്കാനാകുമെന്നതിന്റെ മനോഹരമായ സാക്ഷ്യമായിരുന്നു അവൾ.
2016 ഏപ്രിൽ 16. ഇക്വഡോറിലെ പ്ലായ പ്രിയേറ്റയിൽ ഉണ്ടായ ശക്തമായ ഭൂകമ്പം അവളുടെ ജീവിതത്തിന് അപ്രതീക്ഷിതമായ വിരാമമിട്ടു. അന്ന് ഗിറ്റാർ ക്ലാസ് പൂർത്തിയാക്കി ജപമാല പ്രാർഥിക്കാനിരിക്കുകയായിരുന്നു സിസ്റ്റർ ക്ലാര. ഭൂകമ്പത്തിൽ അവളോടൊപ്പം അഞ്ച് യുവ സന്യാസാർത്ഥികളും ജീവൻ നഷ്ടപ്പെടുത്തി. വെറും 33 വയസ്സായിരുന്നു അവൾക്ക്.
തന്നെ വിളിച്ച് സ്വന്തമാക്കിയ ക്രിസ്തുനാഥനുവേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച ആ യുവസന്യാസിനിയുടെ ഭൗമിക ജീവിതം അവിടെ അവസാനിച്ചു. എന്നാൽ, അവളുടെ ജീവിതസാക്ഷ്യം അവിടെ അവസാനിച്ചില്ല. ഒരിക്കൽ സിനിമാതാരമാകാൻ കൊതിച്ച പെൺകുട്ടി, ഒടുവിൽ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷിയായി ലോകമെമ്പാടുമുള്ള അനേകം യുവജനങ്ങൾക്ക് പ്രചോദനമായി മാറി. ജീവിച്ചിരുന്നപ്പോഴും മരണശേഷവും അവളുടെ ജീവിതം അനേകരെ ദൈവത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നു.
എന്നെ ഏറെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ആ ധന്യജീവിതത്തിന് നന്ദി, സിസ്റ്റർ ക്ലാര ക്രോക്കറ്റ്!
Send your feedback to : onlinekeralacatholic@gmail.com