തെരുവുമക്കളുടെ അത്താണിയായ ബ്ര. മാവൂരുസിന്റെ ഓര്‍മ്മയില്‍
ജോഷിയച്ചന് മയ്യാറ്റില്‍ - സെപ്റ്റംബര്‍ 2026
ബ്രദർ മാവുരൂസിനെ ഞാൻ ആദ്യമായി കാണുന്നത് ആലുവ കാർമ്മൽഗിരി സെമിനാരിയിൽ തത്ത്വശാസ്ത്ര വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. 1990-ൽ ആണെന്നാണ് ഓർമ്മ.
അപ്പോഴേക്കും ബ്രദറിനെക്കുറിച്ച് ഏറെ കേട്ടിരുന്നു. കൊച്ചി നഗരത്തിലെ തെരുവുകളിലെത്തിപ്പെടുന്ന കുട്ടികളെ മാഫിയകളിൽ നിന്നും ബാലവേലയിൽ നിന്നും രക്ഷപ്പെടുത്തി അനാഥമന്ദിരങ്ങളിലെത്തിക്കുകയും അവർക്ക് വിദ്യാഭ്യാസവും പിന്നീട് താമസിക്കാൻ വീടും ഒരുക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. രണ്ടായിരത്തിലധികം കുട്ടികളെ തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് കേട്ടിരുന്നത്. എറണാകുളത്തിന്റെ ‘മദർ തെരേസ’ എന്ന വിശേഷണത്തോടെയാണ് പലരും അന്നുതന്നെ അദ്ദേഹത്തെ കണ്ടിരുന്നത്.
CMI സഭയിലെ അംഗമായിരുന്ന അദ്ദേഹം പാവപ്പെട്ട മനുഷ്യരുടെ ഉന്നമനത്തിനായി ആശ്രമജീവിതം ഉപേക്ഷിച്ച് അവരോടൊപ്പം ചേരിയിൽ താമസിക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും പാവങ്ങൾക്ക് അത്താണിയാവുകയും ചെയ്തിരുന്നു. ഈ അറിവ് സെമിനാരിക്കാരായ ഞങ്ങളിൽ അദ്ദേഹത്തോട് വലിയ ആദരവ് വളർത്തിയിരുന്നു.
ഞാനും ബ്രദർ ജോബി പൂവത്തുങ്കലും ഒരു വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തെ കാണാൻ എറണാകുളത്തേക്ക് പോയി. കൊച്ചി ഗാന്ധിനഗറിലെ ഉദയ കോളനിയിലായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷാഭവനമായ ആശ്രയഭവൻ. ഒരു കാലത്ത് ‘അന്ധകാര കോളനി’ എന്നറിയപ്പെട്ടിരുന്ന ഉദയ കോളനി, ബ്രദറിന്റെ ഇടപെടലുകളിലൂടെ സാമൂഹിക സേവനരംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വേദിയായി മാറിയിരുന്നു.
ഞങ്ങൾ അവിടെ എത്തിയപ്പോൾ പുറത്തു കണ്ടത് പത്തിരുപത്തഞ്ചോളം കുട്ടികളെയായിരുന്നു. പഠിക്കാനായി എത്തിയവരായിരുന്നു അവർ. ബ്രദർ എവിടെയോ പോയിരിക്കുകയാണെന്നും ഉടൻ വരുമെന്നും പറഞ്ഞ് കുട്ടികൾ ഞങ്ങളെ സ്വീകരിച്ചിരുത്തി. സ്വന്തം വീട്ടിലെ അതിഥികളെ സ്വീകരിക്കുന്ന വീട്ടുകാരെപ്പോലെയായിരുന്നു അവരുടെ പെരുമാറ്റം.
അധികം വൈകാതെ ബ്രദറെത്തി.
ഞങ്ങളോട് അദ്ദേഹം സംസാരിച്ചതിലേറെയും ഈശോയെക്കുറിച്ചും ഈശോയുടെ ലളിതജീവിതത്തെക്കുറിച്ചും പാവങ്ങളോടുള്ള പക്ഷംചേരലിനെക്കുറിച്ചുമായിരുന്നു. സെമിനാരിയിൽ ഇരുട്ടുന്നതിന് മുമ്പ് തിരിച്ചെത്തേണ്ടിയിരുന്നതിനാൽ അഞ്ചുമണിയോടെ ഞങ്ങൾ യാത്രപറയാൻ ഒരുങ്ങി. പക്ഷേ, കുട്ടികൾ ഞങ്ങളെ വെറുതെ വിട്ടില്ല. അവർക്കുള്ള കഞ്ഞിയും പയറും കഴിപ്പിച്ച ശേഷമാണ് ഞങ്ങളെ യാത്രയാക്കിയത്.
ആ കൂടിക്കാഴ്ചയ്ക്ക് ശേഷം മുപ്പത്തിയാറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
“വന്നു കാണുക” എന്ന് പറഞ്ഞ യേശുവിന്റെ ക്ഷണം സ്വീകരിച്ച് അന്ത്രയോസും മറ്റൊരു ശിഷ്യനും അന്ന് യേശുവിനോടൊപ്പം തങ്ങിയതുപോലെ, ഒരു രാത്രിയെങ്കിലും ആ സിമന്റ് തിണ്ണയിൽ ബ്രദറിനോടൊപ്പം കഴിയാൻ കഴിഞ്ഞില്ലല്ലോ എന്ന ചെറിയൊരു നഷ്ടബോധം ഇന്നും എന്നിൽ അവശേഷിക്കുന്നു.
എന്നാൽ, തൊണ്ണൂറാം വയസ്സിൽ ബ്രദർ മാവുരൂസ് തന്റെ നിത്യവീട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ജീവിതം മുഴുവൻ അദ്ദേഹം ചേർത്തുപിടിച്ചവരുടെ മുഖങ്ങളിലൂടെ തന്നെയായിരിക്കും ആ യാത്രയുടെ മഹത്വം വായിക്കാനാവുക.
മത്തായി 25:34-36-ൽ യേശു അരുളിച്ചെയ്യുന്ന വാക്കുകൾ അദ്ദേഹത്തിന്റെ ജീവിതത്തോട് എത്രയോ ചേർന്നുനിൽക്കുന്നു:
“എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു.”
തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളിൽ ക്രിസ്തുവിന്റെ മുഖം കണ്ട മനുഷ്യനായിരുന്നു ബ്രദർ മാവുരൂസ്. വിശക്കുന്നവന് ഭക്ഷണവും, അനാഥന് അഭയവും, കുട്ടിക്ക് വിദ്യാഭ്യാസവും, പാവപ്പെട്ടവന് പ്രതീക്ഷയും നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതശുശ്രൂഷ.
ബ്രദർ മാവുരൂസ് യാത്രയാകുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതം നമ്മോട് ചോദിക്കുന്ന ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു:
“എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തത് എനിക്കാണ് ചെയ്തത്.”
അദ്ദേഹം പോയി. എന്നാൽ തെരുവിന്റെ മക്കൾക്കായി തെളിച്ച ആ വെളിച്ചം അണഞ്ഞിട്ടില്ല.
Send your feedback to : onlinekeralacatholic@gmail.com