ക്ലോഡിയ പ്രൊക്കൂല: ക്രിസ്തുവിനെപ്രതി സ്വപ്നത്തില്‍ ക്ലേശിച്ചവള്
ഫാ. ജോണ്‍ മണ്ണാറത്തറ സി.എം.ഐ - മാര്‍ച്ച് 2026
ക്ലോഡിയ പ്രൊക്കുല എന്നായിരുന്നു പീലാത്തോസിന്റെ ഭാര്യയുടെ പേര്. ഈ പേര് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ സ്വപ്നത്തില്‍ ഉലയപ്പെടുന്ന പത്നിയെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ കാണാനാകും. ഭ്രാന്തമായ ആള്‍ക്കൂട്ടം കൊലവിളി നടത്തുന്നു. മതത്തിലും ദൈവത്തിലും വിശ്വസിക്കുന്ന പ്രധാനപുരോഹിതരും ഫരിസേയരും ക്രിസ്തുവിന്റെ അന്തകരാകുന്നു. നീതിക്കും അധികാരത്തിനുമിടയില്‍ പീലാത്തോസ് ധര്‍മ്മസങ്കടത്തിലാകുന്നു. യുഹൂദമതത്തിനു പുറത്തുള്ള ഒരു സ്ത്രീ, പീലാത്തോസിന്റെ ഭാര്യ, നിരപരാധിയായ ക്രിസ്തുവെന്ന സ്നേഹമൂര്‍ത്തിയെ ശിക്ഷിക്കരുതെന്നും ആ നീതിമാനെയോര്ത്ത് സ്വപ്നത്തില്‍ താന്‍ ഏറെ ക്ലേശമനുഭവിച്ചുവെന്നും ഭര്‍ത്താവിനെ അറിയിക്കുന്നു.
കുറ്റത്തിനും ശിക്ഷയ്ക്കുമിടയില്‍ നിയമം അനുവദിക്കുന്ന കരുണയുടെ ഒരു രക്ഷാവാതില്‍ ക്രിസ്തുവിനായി തുറക്കാമെന്ന് പീലാത്തോസ് കരുതി. പെസഹാ തിരുനാളില്‍ ഒരു കുറ്റവാളിയെ സ്വതന്ത്രനാക്കാമെന്ന് പീലാത്തോസ് കരുതി. മോചിപ്പിക്കേണ്ടത് വലിയ കുറ്റവാളിയായ ബറാബാസിനെയോ ആരോപണ വിധേയനായ ക്രിസ്തുവിനെയോ എന്ന് പീലാത്തോസ് ജനക്കൂട്ടത്തോടു ചോദിച്ചു. എന്നാല്‍ ജനക്കൂട്ടം അലറിയത്, ക്രിസ്തുവിനെ ക്രൂശിക്കാനും ബറാബാസിനെ സ്വതന്ത്രനാക്കാനുമാണ്. തളികയില്‍ വരുത്തിയ വെള്ളത്തില്‍ കൈകഴുകി പീലാത്തോസ് തന്റെ നിരപരാധിത്വം പ്രഖ്യാപിച്ചു. ക്ലോഡിയായ്ക്ക് സ്വപ്നത്തില്‍ വെളിപ്പെട്ട മന്ത്രിക്കല്‍ വിസ്മരിക്കപ്പെട്ടു.
സ്വപ്നത്തിന്റെ മര്മ്മരം നിത്യതയില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കും. ചങ്കുതകര്‍ന്ന ജീവിതസഖിയുടെ കരുതലിന് കാര്യമുണ്ടായില്ല. മരണത്തിന്റെ മണിയറയില്‍ പാര്‍ക്കാന്‍ വിധിക്കപ്പെടുന്ന അധികാരികള്‍. അധികാരം നിലനിര്‍ത്തുന്നതിന് ഒന്നിനു പിറകെ മറ്റൊന്നായി നടത്തുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും ലോകം സാക്ഷ്യം വഹിക്കുന്നു. യുദ്ധത്തില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളി മനസാക്ഷിയില് തട്ടാതെ അതു വനരോദനമായി മാറുന്നു. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ ദുരിതപര്‍വ്വം പുരുഷമേധാവിത്വം അവഗണിക്കുന്നു.
ക്ലോഡിയയുടെ സ്വപ്നത്തിലെ സ്വരം ദൈവവചനമായി രേഖപ്പെടുത്തി. തല ചായ്ക്കാനിടിമില്ലാത്ത ദൈവപുത്രന്റെ സൂര്യതേജസ് ക്ലോഡിയ നേരില്‍ കണ്ടതാണ്. അത് സലോമിയുടെ മകള്‍ മരിച്ച അവസരമായിരുന്നു. മരണത്തിന്റെ മടിയില്‍ കിടക്കുന്ന സെമിഡാ എന്ന പെണ്‍കുഞ്ഞിന്റെ ജീവനുവേണ്ടി മാതാപിതാക്കളായ ജെയ്റസും സലോമിയും അലമുറയിട്ട് ക്രിസ്തുവിനോട് അപേക്ഷിച്ചു. പരിചയമില്ലാത്ത ആ ശാന്തശീലന്‍ ദൈവത്തിന്റെ സ്നേഹാവതാരമെന്ന് അവര്‍ക്കു മനസ്സിലായിട്ടുണ്ടണ്ടാവണം.
'ബാലികേ എഴുന്നേല്ക്കൂ' എന്ന ക്രിസ്തുവിന്റെ സ്വരം, മരണം തണുപ്പിച്ച കുഞ്ഞിനെ ജീവനിലേക്കുയര്ത്തി. ക്ലോഡിയ ക്രിസ്തുവിന്റെ കാരുണ്യം അനുഭവിച്ചതാണ്. അന്യദേശത്ത് തനിക്കു പുതുജീവന്‍ നല്കാന് കഴിയുന്ന ക്രിസ്തുവിനെ മനസ്സിന്റെ അള്‍ത്താരയില്‍ അവര്‍ വണങ്ങുന്നുണ്ടായിരുന്നു. ആക്രോശങ്ങളും അരോപണങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ദൈവനിയോഗം വെളിപ്പെടുത്താന്‍ ദൈവം തിരഞ്ഞെടുത്തത് അധികാരത്തിന്റെ അകത്തളത്തില്‍ ഏകാകിയായ ക്ലോഡിയായെയാണ്. സ്വപ്നത്തില്‍ വെളിപ്പെട്ടുകിട്ടുന്ന സത്യം ഉത്കണ്ഠയോടെ അധികാരിയെ അറിയിച്ചു. നിഷ്ഫലമാകുന്ന ദര്‍ശനം സഫലമാക്കേണ്ട ഉത്തരവാദിത്വത്തോടെ ദിനംപ്രതി നമ്മെ തേടിയെത്തും. ഒഴിഞ്ഞുമാറുന്നവര്‍ ദുരന്തത്തിനും, കാതോര്‍ക്കുന്നവര്‍ ശുഭത്തിനുമായി വഴിതെളിക്കും.
ജീര്‍ണ്ണമാകുന്ന മതത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും നവജീവനായി ക്രിസ്തുദര്‍ശനം മതി. ക്രിസ്തുവിനെ പിന്‍ചെന്ന സ്ത്രീകളും ക്രിസ്തുവിനെ ഉള്ളില്‍ പ്രതിഷ്ഠിച്ച സ്ത്രീകളും സ്ത്രൈണാത്മീയതയുടെ സാരള്യം കാട്ടിത്തരുന്നുണ്ട്. സമൂഹനിര്‍മ്മിതിക്കും നിലനില്‍പ്പിനും സ്ത്രീകളുടെ ശബ്ദവും പങ്കാളിത്തവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ക്ലോഡിയായുടെ സ്വപ്നം മനസാക്ഷിയുടെ നനുത്ത സ്പര്‍ശമായി അജയ്യമായ സ്നേഹത്തിലേക്കും നയിക്കും.
Send your feedback to : onlinekeralacatholic@gmail.com