ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍:
വിശ്രമിക്കാന്‍ മറന്നുപോയ ഇടയന്
ആന്റോ അക്കര - നവംബർ 2026
സമാധാനദൂതനായിരുന്ന *ആർച്ച് ബിഷപ് തോമസ് മേനാംപറമ്പിലിനെ അനുസ്മരിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ *ആന്റോ* അക്കര എഴുതുന്ന ഹൃദയസ്പർശിയായ ഓർമക്കുറിപ്പ്.
“പാഷന് ഉള്ള മനുഷ്യരാണ് മാറ്റങ്ങൾ സൃഷ്ടിക്കുന്നത്.” ആർച്ച് ബിഷപ് തോമസ് മേനാംപറമ്പിലിന്റെ ജീവിതത്തെ ഏറ്റവും മനോഹരമായി അടയാളപ്പെടുത്തുന്ന വാക്കുകളാണിത്. പ്രഭാഷണങ്ങളിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും നിരന്തരമായ എഴുത്തിലൂടെയും തൊണ്ണൂറാം വയസ്സിലും അദ്ദേഹം സജീവമായി നിലകൊണ്ടു.
2012-ൽ ഗുവാഹത്തി ആർച്ച് ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ചശേഷം അദ്ദേഹം വിശ്രമജീവിതത്തിലേക്ക് പിന്മാറിയില്ല. മറിച്ച്, സമാധാനത്തിനും അനുരഞ്ജനത്തിനുമായുള്ള തന്റെ ദൗത്യം കൂടുതൽ ഊർജസ്വലതയോടെ തുടർന്നു. സംഘർഷമേഖലകളിലേക്ക് നിർഭയനായി കടന്നുചെന്ന് സമാധാനത്തിന്റെ വഴികൾ തേടി.
2023 മേയിൽ മണിപ്പുർ കലാപാഗ്നിയിൽ അമർന്നപ്പോൾ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള വഴികൾ തേടി അദ്ദേഹം അവിടെയെത്തി. ഇംഫാലിൽ നടന്ന ആദ്യകാല ചർച്ചകളിലൊന്നിൽ ഞാനും പങ്കെടുത്തിരുന്നു. അസമിലെ വംശീയ സംഘർഷങ്ങളുടെ കാലത്ത് താൻ നടത്തിയ ഇടപെടലുകളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ, സമാധാന പുനഃസ്ഥാപനത്തിന് സഭയ്ക്ക് എങ്ങനെ മുൻകൈയെടുക്കാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നീട് മണിപ്പുരിന് പുറത്തുള്ള ഗുവാഹത്തിയിലും സമാധാന ചർച്ചകൾക്ക് അദ്ദേഹം വേദിയൊരുക്കി.
കാന്തമാല്‍ കലാപത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, ഒഡീഷയിലെ വിദൂരമായ കന്ധമാൽ ജില്ലയിലേക്ക് പന്ത്രണ്ടിലേറെ പേരടങ്ങുന്ന ഒരു സംഘത്തെ നയിച്ചുകൊണ്ട് ആർച്ച് ബിഷപ് മേനാംപറമ്പിൽ ധീരമായൊരു ചുവടുവയ്പ്പ് നടത്തി. ആധുനിക ഇന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനെതിരേ നടന്ന ഏറ്റവും ക്രൂരമായ ആസൂത്രിത അക്രമങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച പ്രദേശമായിരുന്നു കന്ധമാൽ.
പലരും കാന്തമാലിലേക്ക് കടന്നുചെല്ലാൻ ഭയപ്പെട്ടിരുന്ന കാലത്ത്, അദ്ദേഹത്തി ന്റെ നേതൃത്വത്തിലുള്ള സംഘം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി സംവദിച്ചു. കാന്തമാലിലേക്കുള്ള ആ യാത്ര ഒരു വലിയ 'പഠനാനുഭവ'മായിരുന്നുവെന്ന് പിന്നീട് അദ്ദേഹം എന്നോടു പങ്കുവച്ചു. കാന്തമാലിന്റെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
പാഷന് ഉള്ളവര്‍ കാഴ്ചക്കാരായി നോക്കിനിൽക്കുകയോ സഹതപിച്ച് മറക്കുകയോ ചെയ്യുന്നവരല്ല. ഹൃദയത്തെ സ്പർശിക്കുന്ന കാര്യങ്ങൾക്കുവേണ്ടി അവർ തുടർന്നും പ്രവർത്തിക്കും.
2011-ൽ ആർച്ച് ബിഷപ് മേനാംപറമ്പിൽ ചെയ്തത് അതാണ്. കാന്തമാൽ വിഷയത്തിൽ ഞാൻ മുഖ്യപ്രഭാഷകനായെത്തിയ ഒരു പ്രമുഖ എക്യുമെനിക്കൽ സമ്മേളനത്തിന് ആർച്ച് ബിഷപ്പിന്റെ ഭവനത്തിനു മുന്നിലുള്ള പീസ് സെന്ററിൽ അദ്ദേഹം വേദിയൊരുക്കി.
ആ പരിപാടിയിലെ ആമുഖപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിലുണ്ട്:
“കാന്തമാലിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവും അനുഭവവും കണക്കിലെടുത്ത് ഒരു മൂന്നാമത്തെ പുസ്തകം കൂടി നിങ്ങൾ എഴുതണം – BEYOND KANDHAMAL. അതിന്റെ ആയിരം കോപ്പികൾ ഞാൻ വാങ്ങിക്കൊള്ളാം.”
എന്റെ ആദ്യ രണ്ടു പുസ്തകങ്ങളും അദ്ദേഹം ശ്രദ്ധാപൂർവം വായിച്ചിരുന്നുവെന്ന് ആ വാക്കുകൾ എന്നെ ബോധ്യപ്പെടുത്തി. Kandhamal – A Blot on Indian Secularism എന്ന പുസ്തകം നിരാലംബരായ ക്രൈസ്തവ സമൂഹത്തിനെതിരേ അരങ്ങേറിയ അനീതികളെ തുറന്നുകാട്ടുന്നതായിരുന്നു. Shining Faith in Kandhamal എന്ന രണ്ടാമത്തെ പുസ്തകം ദരിദ്രരും എന്നാൽ അസാധാരണമായ വിശ്വാസസാക്ഷ്യം നൽകിയവരുമായ ക്രൈസ്തവരുടെ ജീവിതങ്ങളിലേക്കാണ് വെളിച്ചം വീശിയത്.
എന്നാൽ ഈ രണ്ടു കാഴ്ചപ്പാടുകൾക്കപ്പുറം, പറയപ്പെടാതെപോയ കഥകൾ പുറത്തുകൊണ്ടുവരണമെന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ ആഗ്രഹം. ആ ദുരന്തത്തിൽനിന്ന് ഉൾക്കൊള്ളേണ്ട നിർണായക പാഠങ്ങൾ എന്തൊക്കെയാണ്? ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ സഭ ഒന്നാകെ വേണ്ടത്ര ഇടപെട്ടിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങളും ആ പുസ്തകത്തിലൂടെ ചർച്ച ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
അദ്ദേഹത്തിന്റെ സൗഹൃദവും കരുതലും നേരിട്ട് അനുഭവിക്കാൻ എനിക്ക് നിരവധി അവസരങ്ങളുണ്ടായിട്ടുണ്ട്. 2026 മേയിൽ ഗുവാഹത്തി ആർച്ച് ബിഷപ്പിന്റെ ഭവനത്തിൽവച്ച് അദ്ദേഹത്തെ അവസാനമായി കണ്ടപ്പോഴും ആ സ്നേഹവും കരുതലും ഞാൻ അനുഭവിച്ചു.
“നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എങ്ങനെയാണ് കണ്ടെത്തുന്നത്?” അദ്ദേഹം എന്നോടു ചോദിച്ചു. എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾപോലും ചോദിച്ചറിഞ്ഞ അദ്ദേഹം അതിന്റെ തുടർകാര്യങ്ങളും ശ്രദ്ധിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പ്, തന്റെ പുതിയ പുസ്തകങ്ങളിൽ രണ്ടെണ്ണം അദ്ദേഹം എനിക്ക് സമ്മാനിക്കാൻ ശ്രമിച്ചു. എന്നാൽ ലഗേജ് നിറഞ്ഞതിനാൽ “അടുത്ത തവണ വാങ്ങിക്കൊള്ളാം” എന്നു പറഞ്ഞ് ഞാൻ അത് നിരസിച്ചു. തിരുത്താനാവാത്ത ഒരു ഖേദമായി ആ സംഭവം ഇന്നും മനസ്സിലുണ്ട്.
മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്റെറി തയാറാക്കുന്ന സമയത്ത്, അമ്മയുമായുള്ള നിരവധി കൂടിക്കാഴ്ചകളുടെ അനുഭവങ്ങൾ അറിയാൻ ഞാൻ ആർച്ച് ബിഷപ് മേനാംപറമ്പിലിനെ സമീപിച്ചിരുന്നു. വളരെ സ്നേഹപൂർവം അദ്ദേഹം പ്രതികരിച്ചു. മദർ തെരേസയുമായുള്ള ത ന്റെ കൂടിക്കാഴ്ചകളെക്കുറിച്ചും അവർ തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും വിശദമായ ഒരു കുറിപ്പ് തന്നെ അദ്ദേഹം തയാറാക്കി നൽകി.
ഡോക്യുമെന്റെ റിയിൽ വ്യക്തിപരമായ ഉദ്ധരണികൾ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചെങ്കിലും, മദർ തെരേസയെക്കുറിച്ച് ആസൂത്രണം ചെയ്യുന്ന പുസ്തകത്തിൽ ആ കുറിപ്പ് തീർച്ചയായും ഉപയോഗിക്കും. എങ്കിലും, 1993 ഓഗസ്റ്റിൽ ദിബ്രുഗഢിൽനിന്ന് അരുണാചൽ പ്രദേശിലെ ബോർദുരിയയിലേക്ക് മദർ തെരേസയോടൊപ്പം അദ്ദേഹം നടത്തിയ ആറു മണിക്കൂർ നീണ്ട കാർ യാത്രയെക്കുറിച്ച് ഡോക്യുമെന്ററിയിൽ പരാമർശിച്ചിട്ടുണ്ട്.
അഴിമതിയെയും വോട്ടവകാശ നിഷേധത്തെയും പോലുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെ വിമർശനാത്മകവും തീക്ഷ്ണവുമായ നിലപാടുകൾ അവസാനകാലംവരെയും എഴുത്തുകളിലൂടെ പ്രതിഫലിച്ചു. നവംബർ 25-ന് അദ്ദേഹം അന്തരിച്ചു. നവതി ആഘോഷിച്ച് ഒരു മാസം പിന്നിടുമ്പോഴായിരുന്നു ആ വിയോഗം.
ഇന്ത്യൻ കറന്റ്സ് ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ അഴിമതിയെയും വോട്ടർ പട്ടികയിൽനിന്നുള്ള അന്യായമായ ഒഴിവാക്കലുകളെയും കുറിച്ച് പ്രസിദ്ധീകരിച്ച മൂർച്ചയേറിയ ലേഖനങ്ങളുടെ ബൈലൈൻ വായിച്ചില്ലെങ്കിൽ, അവയെഴുതിയത് തൊണ്ണൂറുകാരനായ ഒരു വിരമിച്ച ആർച്ച് ബിഷപ്പാണെന്ന് ആരും കരുതുമായിരുന്നില്ല.
ആറു പതിറ്റാണ്ടിലേറെ നീണ്ട സജീവമായ പൗരോഹിത്യശുശ്രൂഷയിലൂടെ, ഇന്ത്യയിലെ സഭയിൽ, പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലയിലെ സഭാജീവിതത്തിൽ, വേറിട്ട സാന്നിധ്യമായി മാറിയ സലേഷ്യൻ സഭാംഗമായ ഈ മെത്രാപ്പോലീത്തയുടെ ജീവിതം എന്നും ഓർമിക്കപ്പെടും.