നന്ദി ചൊല്ലിത്തീർക്കുവാനീ വാക്കുകൾ പോരാ;ഉടലറിയുന്ന നന്ദി, ഉള്ളറിയുന്ന നിശ്ചലത
ആൻ്റണി പുത്തൻപുരയ്ക്കൽ - നവംബര് 2026
"നന്ദി." എത്ര ലളിതമായ ഒരു വാക്ക്! ദിവസവും എത്രയോ തവണ അത് നമ്മുടെ ചുണ്ടുകളിൽനിന്ന് അനായാസം ഉതിർന്നുവീഴുന്നു. എന്നാൽ എത്ര തവണ അത് നെഞ്ചിന്റെ ആഴങ്ങളിൽനിന്ന് ഉറവപൊട്ടി ഉയരുന്നുണ്ട്?
കൃതജ്ഞത ശരീരത്തിന്റെ മാതൃഭാഷയായി അലിഞ്ഞുചേരുമ്പോൾ (Embodied Gratitude)
"നന്ദി." എത്ര ലളിതമായ ഒരു വാക്ക്! ദിവസവും എത്രയോ തവണ അത് നമ്മുടെ ചുണ്ടുകളിൽനിന്ന് അനായാസം ഉതിർന്നുവീഴുന്നു. എന്നാൽ എത്ര തവണ അത് നെഞ്ചിന്റെ ആഴങ്ങളിൽനിന്ന് ഉറവപൊട്ടി ഉയരുന്നുണ്ട്? നമ്മിൽ പലർക്കും കൃതജ്ഞത മനസ്സിന്റെ ഭാഷ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. ശരീരത്തിന്റെ മാതൃഭാഷയിൽ, ഒരു ദീർഘനിശ്വാസത്തിലോ, അയഞ്ഞുതാഴുന്ന തോളുകളിലോ, നെഞ്ചിൽ പടരുന്ന ഇളംചൂടിലോ, അത് ഉച്ചരിക്കാൻ നാം എന്നോ മറന്നുപോയി.
ഈ മറവിക്ക് നമ്മുടെ ബാല്യത്തോളം പഴക്കമുണ്ട്. ആരെങ്കിലും ഒരു മിഠായി നീട്ടുമ്പോൾ, കുഞ്ഞിന്റെ കണ്ണുകളിൽ സന്തോഷം വിടരുന്നതിനു മുൻപേ, മുതിർന്നവരുടെ ശബ്ദം ഉയരും: "നന്ദി പറയൂ!" അങ്ങനെ ഉള്ളിൽനിന്ന് പൂവിടേണ്ടിയിരുന്ന ഒരനുഭവം, പുറമേനിന്ന് ആവശ്യപ്പെടുന്ന ഒരു മര്യാദയായി ചുരുങ്ങി.
പിന്നീട് പ്രാർത്ഥനകളും ഉപദേശങ്ങളും ദൈവം തന്ന നന്മകൾ എണ്ണിനോക്കാൻ നമ്മെ ശീലിപ്പിച്ചു. എണ്ണാൻ നാം പഠിച്ചു; അനുഭവിക്കാൻ മറന്നു. ഇന്ന് ആധുനിക മനഃശാസ്ത്രവും നമുക്കു മുന്നിൽ ചില വഴികൾ തുറന്നുവെക്കുന്നു: ഉറങ്ങുന്നതിനു മുൻപ് അന്നത്തെ മൂന്നു നല്ല കാര്യങ്ങൾ ഒരു ഡയറിയിൽ കുറിക്കുക; നമ്മെ സഹായിച്ചവരെ ഓർക്കുക; ഒരു കത്തിലൂടെയോ, ഒരു വാക്കിലൂടെയോ അവരോട് നന്ദി അറിയിക്കുക.
ഇവയെല്ലാം നല്ലതുതന്നെ. പക്ഷേ ഒരു ചോദ്യം ബാക്കിയാവുന്നു: കൃതജ്ഞത വെറുമൊരു ചിന്തയാണോ? അതോ ശരീരം മുഴുവൻ അനുഭവിച്ചറിയുന്ന, ഹൃദയത്തെ നിശ്ചലതയിലേക്ക് ആനയിക്കുന്ന ഒരു ജീവിതാനുഭവമോ?
കൃതജ്ഞതയെക്കുറിച്ചുളള ആധുനിക മനശാസ്ത്രത്തിന്റെ നിർദ്ദേശങ്ങൾ എല്ലാം വിലപ്പെട്ട ശീലങ്ങളാണ്. നമ്മുടെ ശ്രദ്ധയെ ഇല്ലായ്മകളിൽ നിന്ന് ഉള്ളവയിലേക്ക് തിരിച്ചുവിടുവാൻ ഇവ സഹായിക്കുന്നു. പരാതികളിലേക്ക് സ്വാഭാവികമായി ചായുന്ന മനസ്സിന് ഇതൊരു തിരുത്തലാണ്. പക്ഷേ ഒന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം നമുക്കു വ്യക്തമാകും: ഈ രീതികളെല്ലാം നടക്കുന്നത് ചിന്തയുടെ തലത്തിലാണ്. നാം എണ്ണുന്നു, ഓർക്കുന്നു, എഴുതുന്നു, പറയുന്നു. ഇവിടെയെല്ലാം കൃതജ്ഞത ഒരു മാനസിക വ്യായാമമായി മാറുന്നു; ചിലപ്പോൾ ഒരു കടമ പോലെ.
പലപ്പോഴും നമ്മിലെ കൃതജ്ഞത ചിന്തയുടെ തലത്തിൽ മാത്രം ഒതുങ്ങുന്നു: തലച്ചോറിൽ രൂപംകൊണ്ട്, നാവിലൂടെ പുറത്തുവരുന്ന ഒരു വാക്കായി. ഇതിൻ്റെ ഇടയിലുള്ള ഹൃദയത്തെയോ, ശ്വാസത്തെയോ, ശരീരത്തെയോ അത് സ്പർശിക്കുന്നില്ല. ഹൃദയത്തിന്റെ സ്പന്ദനത്തിലോ, ശ്വാസത്തിന്റെ താളത്തിലോ, അത് ഇടം കണ്ടെത്തുന്നില്ല. അതായത്, നാം കൃതജ്ഞത അനുഭവിക്കുകയല്ല, കൃതജ്ഞതയെക്കുറിച്ച് ചിന്തിക്കുക മാത്രമാണ് ചെയ്യുന്നത്.
യഥാർത്ഥത്തിൽ നമ്മിലെ കൃതജ്ഞത ഉദിക്കേണ്ടത് ചിന്തയിലല്ല, ശരീരത്തിലാണ്. ആരെങ്കിലും അപ്രതീക്ഷിതമായി നമ്മെ സഹായിക്കുമ്പോൾ നെഞ്ചിൽ പടരുന്ന ആ ചൂട്, തൊണ്ടയിൽ വരുന്ന ആ ചെറിയ മുറുക്കം, കണ്ണുകളിലെ ആ നനവ്. "നന്ദി" എന്ന വാക്ക് രൂപപ്പെടുന്നതിനു മുൻപുതന്നെ ശരീരം അത് അറിഞ്ഞുകഴിഞ്ഞിരിക്കും. അമ്മയുടെ മാറിൽ ചേർന്നുകിടന്ന ശിശുവിന്റെ ശരീരത്തിൽ, വിശപ്പടങ്ങിയ ശേഷമുള്ള ആ ശാന്തമായ അയവിൽ, അതിന്റെ ആദ്യത്തെ തുടിപ്പുണ്ടായിരുന്നു. നീണ്ട വരൾച്ചയ്ക്കുശേഷം ആദ്യമഴ ലഭിച്ചപ്പോൾ, വിളവെടുപ്പിന്റെ നിറവിൽ, ആദിമനുഷ്യൻ കൈകൾ ചേർത്തും ശിരസ്സ് കുനിച്ചും നൃത്തം ചെയ്തുമാണ് നന്ദി പറഞ്ഞത്. അതായത്, നന്ദിയെ സൂചിപ്പിക്കുവാൻ വാക്കുകൾ കണ്ടെത്തുന്നതിന് മുൻപേ, നമ്മുടെ ശരീരം അത് അനുഭവിച്ചറിഞ്ഞിരുന്നു: ഒരു ഭാരം ഇറക്കിവെക്കുമ്പോൾ തോളുകൾക്ക് ലഭിക്കുന്ന അയവ്, മറ്റാരെങ്കിലും നമ്മളോട് ദയ കാണിക്കുമ്പോൾ നെഞ്ചിൽ അനുഭവപ്പെടുന്ന ഊഷ്മളത, കഠിനമായ ഒരു ദിവസത്തിന് ശേഷം വീട്ടിലെത്തുമ്പോൾ ആശ്വാസത്തോടെ പുറത്തേക്ക് വിടുന്ന ദീർഘശ്വാസം - ഇവയെല്ലാം ശരീരത്തിൽ അനുഭവപ്പെടുന്ന കൃതജ്ഞതയാണ്.
നമ്മുടെ ശരീരം നന്ദി പറയാൻ പഠിക്കുമ്പോൾ, ഹൃദയം ശാന്തമാകുന്നു. ഒരു കല്ലുപോലെ നിശ്ചലമായ ശാന്തതയല്ല ഇത്; മറിച്ച്, പ്രഭാതത്തിലെ ശാന്തമായ ഒരു തടാകം പോലെ, ആകാശത്തെ പ്രതിഫലിപ്പിക്കാൻ പാകത്തിന് തെളിഞ്ഞ ശാന്തതയാണത്.
Send your feedback to : onlinekeralacatholic@gmail.com