ദൈവവുമായുള്ള ആഴമായ ബന്ധത്തില്‍ നിന്ന് നമ്മെ അകറ്റിനിര്‍ത്തുന്ന അറിയപ്പെടാത്ത പാപം ഏതാണെന്ന് അറിയാമോ?
ജോര്‍ജ് കൊമ്മറ്റം - മാര്‍ച്ച് 2026
ജീവിതത്തിലെ പലകാര്യങ്ങളിലും നമുക്ക് പലപ്പോഴും ഫോക്കസ് നഷ്ടപ്പെട്ടുപോകാറുണ്ട്. ആത്മീയ ജീവിതത്തില്‍ അത് കൂടുതലാണു താനും. ആത്മീയ പാതയില്‍ ഫോക്കസ് നഷ്ടപ്പെടുവാനും ദൈവവുമായി കുടുതല്‍ ആഴമായ ബന്ധം വളര്‍ത്തുവാനും നമുക്ക് കഴിയാതെ പോകുന്നതിനു പിന്നില്‍ സാത്താന്റെ ആരുമറിയാത്ത ഒരു കുടില തന്ത്രമുണ്ടെന്നാണ് പ്രശസ്ത ആത്മീയ എഴുത്തുകാരനായ ഫാ. ലോറോന്സോ സുപ്പോളി മുന്നറിയിപ്പ് നല്‍കുന്നത്. അതിന്റെ പേരാണ്-സ്പിരിച്ച്വല്‍ പ്രൈഡ്.
ഏതെങ്കിലും ഒരു ഭക്തസംഘടനയില്‍ അംഗവുമായി, രഹസ്യപ്പിരിവും കൊടുത്ത്, കരിസ്മാറ്റിക് ഗ്രൂപ്പിലും ചേര്‍ന്ന്, ആഴ്ചതോറുമുള്ള പ്രാര്ത്ഥനാസമ്മേളനത്തിലും പങ്കെടുത്ത്, പള്ളിക്ക് നാല് കാശും സംഭാവനകൊടുത്ത്, ഉച്ചത്തില്‍ പ്രാര്‍ത്ഥനയും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ നമ്മെ പിടികൂടുന്ന ആത്മീയ രോഗമാണ് സ്പിരിച്ച്വല്‍ പ്രൈഡ്. സാധാരണഗതിയില്‍ ഇത് നിര്‍ബാധം ബാധിക്കുന്നത് ഇടവകകളിലെ ഭക്തസംഘടനകളിലെയും കരിസ്മാറ്റിക് പ്രാര്ത്ഥനാഗ്രൂപ്പുകളിലെയും അംഗങ്ങളെയായിരിക്കും എന്നതാണ് രസകരം.
ഞാന്‍ നല്ല പുണ്യപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് നാം സ്വയം വിചാരിച്ചുതുടങ്ങും, സത്യത്തില്‍ നമ്മുടെ ഉണക്കപുണ്യം കൊണ്ട് ചുറ്റുമുള്ളവര്‍ക്ക് അസ്വസ്ഥതയായിരിക്കും ഉണ്ടാകുക. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സാത്താന് തന്നെയാണ് ആത്മീയതയില്‍ നാം മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ നമ്മെ സ്പിരിച്ച്വല്‍ പ്രൈഡ് എന്ന കുറ്റിയില്‍ കെട്ടിയിട്ട് മാറിനിന്ന് ആനന്ദിക്കുന്നത്. ഇത് നാം മാത്രം അറിയുന്നില്ല. പുറത്തുള്ളവര്‍ക്ക് നമ്മുടെ ഭക്തിയും പ്രാര്‍ത്ഥയും രീതികളുമൊക്കെ അരോചകമായിത്തോന്നുകയും ചെയ്യും.
മറ്റുള്ളവരെപ്പോലെയല്ല ഞാന്‍, ഞാന്‍ ദിവസവും പള്ളിയില്‍ പോകുന്നു, എല്ലാ പ്രാര്‍ത്ഥനകളിലും പങ്കുചേരുന്നു, എല്ലാ കൂട്ടായ്മകളിലും കുടുംബസമേതം പങ്കെടുക്കുന്നു... എന്നെക്കാള്‍ നല്ലൊരു മനുഷ്യന് ഈ ഇടവകയിലുണ്ടാകുകയില്ല.. അതാണ് ഇത്തരക്കാരുടെ മനോവിചാരം. എനിക്കെല്ലാമാറിയാം, എന്റെ അഭിപ്രായം മാത്രമാണ് ശരി എന്നായിരിക്കും അവര്‍ ചിന്തിക്കുക. ഞാനൊഴിച്ച് ബാക്കിയാരും ശരിയല്ല എന്നൊരു തോന്നല്‍ സദാ അവരുടെ മനസ്സിലുണ്ടാകും.
ദ സ്പിരില് കോംമ്പാറ്റ് എന്ന പുസ്തകത്തില്‍ ഫാ. സുപ്പോളി പറയുന്നത് ഒരു മനുഷ്യന്റെ ആത്മാവില്‍ നിന്നും ആദ്യം നീക്കേണ്ടതും ഏറ്റവും അപകടകരവുമായ പാപം അഹങ്കാരമാണെന്നാണ്-ആത്മീയ അഹങ്കാരം.
അഹങ്കാരം മനുഷ്യനെ ദൈവത്തില്‍ നിന്നു ദൂരെയാക്കുന്നുവെന്നും അത് മറ്റുപല പാപങ്ങളുടെ മൂലകാരണമാകുന്നുവെന്നും അദ്ദേഹം പറയുന്നു. അഹങ്കാരത്തെ ജയിക്കാന്‍ വിനയം ആണ് പ്രധാന ഔഷധമെന്നും ഫാ. സൂക്കോളി ചൂട്ടിക്കാട്ടുന്നു.
സ്പിരിച്ച്വല്‍ പ്രൈഡ് ബാധിച്ചവരെ സൗഖ്യപ്പെടുത്താന്‍ വളരെ ബുദ്ധമുട്ടാണത്രെ. സാധാരണ ഒരു പാപിയെ മാനസാന്തരപ്പെടുത്തുന്നത് അതിനെക്കാള്‍ എളുപ്പമാണെന്നാണ് ഫാ. സുക്കോളി പറയുന്നത്. കാരണം അവരോട് ആര്‍ക്കെങ്കിലും ഇത് ഒന്ന് പറയാന്‍ പറ്റണ്ടേ. പറഞ്ഞാല്‍ അവര്‍ സ്വീകരിക്കേണ്ടെ.
Send your feedback to : onlinekeralacatholic@gmail.com