നോമ്പ് വിശുദ്ധമായി ആചരിക്കുവാന്‍ വിശുദ്ധ അമ്മ ത്രേസ്യായുടെ നാല് ടിപ്സ്
ജോര്‍ജ് കൊമ്മറ്റം - ഫെബ്രുവരി 2026
നോമ്പുകാലം നോവിന്റെ കാലമല്ല. ദൈവത്തെയും മനുഷ്യരെയും പ്രകൃതിയെയും കൂടുതല്‍ സ്നേഹിക്കുവാനും ക്രിസ്തുവുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുവാനുമുള്ള കാലമാണ്. ഓരോരുത്തര്‍ക്കും നോമ്പുകാലത്തെ ഫലപ്രദമാക്കാന്‍ ആവിലായിലെ വി. അമ്മ ത്രേസ്യ 4 വഴികള്‍ ഇതാ..
1. ക്രിസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
നോമ്പുകാലത്ത് ഉപവാസത്തിനും ത്യാഗത്തിനും ഉപരിയായി ക്രിസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നായിരുന്നു അമ്മ ത്രേസ്യ തന്റെ സഹോദരിമാരോട് പറഞ്ഞിരുന്നത്. പലരും മത്സ്യമാംസാദികള്‍ വര്ജ്ജിക്കുന്നതിനുകാണിക്കുന്ന താല്പര്യം പോലും ക്രിസ്തുവില്‍ വളരുന്നതിന് കാണിക്കുന്നില്ല എന്നതായിരുന്നിരിക്കാം അമ്മത്രേസ്യ അങ്ങനെ പറയാന്‍ ഇടയാക്കിയത്.
കത്തോലിക്ക സഭയുടെ നോമ്പാചരണമെന്നാല് സ്വയം പീഡിപ്പിക്കുക എന്നതല്ല. സഹനത്തിനുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുക എന്നതല്ല, മറിച്ച് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി നമുക്ക് ഇഷ്ടമുള്ളത് വര്‍ജ്ജിക്കുക എന്നതാണ്. ക്രിസ്തുവിനെക്കൂടാതെയുള്ള ആചാരങ്ങളില്‍ കാമ്പില്ല.
2. ഈശോയോട് എളിമയോടെയുള്ള സംഭാഷണം
നോമ്പുകാലത്ത് പ്രാര്‍ത്ഥന ഒഴിവാക്കാനാവില്ല. എന്നാല്‍ അത് വളരെ സിമ്പിളാണുതാനും അമ്മ പറയുന്നത്- പ്രാര്‍ത്ഥനയെന്നാല്‍ നമ്മെ സ്നേഹിക്കുന്നുവെന്ന് നമുക്കറിയാവുന്ന ഒരാളോട് വെറുതെ സംസാരിച്ചുകൊണ്ടിരിക്കുക എന്നാണ്.
ക്രിസ്തുവിന്റെ സ്നേഹത്തില്‍ നമ്മുടെ നയനങ്ങള്‍ ഉറപ്പിച്ചുവെച്ച് നമ്മെക്കുറിച്ചുള്ള ദൈവികപദ്ധതികള്‍ മനസിലാക്കുക. അതാണ് നോമ്പ് ആവശ്യപ്പെടുന്ന എളിമയോടെയുള്ള ജീവിതവും പ്രാര്‍ത്ഥനയും.
3. ലോകവസ്തുക്കളില്‍ നിന്ന് അകന്നുനില്ക്കുക
ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി നാം ലോകവസ്തുക്കളില്‍ നിന്നും അതിനോടുള്ള ആസക്തികളില്‍ നിന്നും വിട്ടുനില്‍ക്കണം. ദൈവമല്ലാത്ത എല്ലാത്തിനോടും അകന്നുനില്ക്കുന്ന അവസ്ഥയാണിത്.
4. അയല്‍ക്കാരനെ സ്നേഹിക്കുക
ക്രിസ്തുവിന്റെ പീഡാസഹനങ്ങളും മരണവും ഉയിര്‍പ്പും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഉപവിയും നമ്മെപ്പോലെ നമ്മുടെ അയല്‍ക്കാരനെ സ്നേഹിക്കണമെന്നുമാണ്. ആത്മീയ പൂര്‍ണതയുടെ പാരമ്യം ദൈവസ്നേഹവും പരസ്നേഹവുമാണ്.
Send your feedback to : onlinekeralacatholic@gmail.com