നാസി തടവറയിലെ ചുവരില്‍
തടവുപുള്ളി നഖം കൊണ്ട് കോറിയിട്ട തിരുഹൃദയ ചിത്രം
ക്രിസ് ജോര്‍ജ് - ജൂണ്‍ 2026
പോളണ്ടിലെ ഓഷോവിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ചുവരില്‍ സന്ദര്‍ശകരുടെ മനമുടക്കുന്ന ഒരു കാഴ്ചയുണ്ട്. അതിഭയാനകമായ പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന ഹതഭാഗ്യരായ മനുഷ്യരെ പാര്‍പ്പിച്ചിരുന്ന ഡെത്ത് ബ്ലോക്കിലെ 21-ാം നമ്പര്‍ സെല്ലില്‍ നിങ്ങള്‍ക്ക് അത്യന്തം ഹൃദയസ്പര്‍ശിയായ ഒരു ചിത്രം കാണാം. യേശുവിന്റെ തിരുഹൃദയചിത്രം. 1944 ല്‍ മരണത്തെ മുഖാമുഖം കണ്ട് ഇതില്‍ കിടന്ന സ്റ്റെഫാന്‍ യാസിന്‍സ്കി എന്ന പോളിഷ് സൈനികനായിരുന്നു ഈ തിരുഹൃദയചിത്രം കോറിയിട്ടത്.
കടുത്ത നിരാശയും ഭയവും തിങ്ങിനിറഞ്ഞ ഒരു മുറിയില്‍ ഒരു മനുഷ്യനെങ്ങനെ ദൈവത്തിലേക്ക് നോക്കാന്‍ കഴിയും എന്ന് നാം അത്ഭുതപ്പെട്ടേക്കാം. ഭീകരമായ പീഡനങ്ങളെ അതിജീവിക്കുവാന്‍ കെല്പു നല്കിയ ദൈവവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മരിക്കാത്ത അടയാളമായി ഇശോയുടെ തിരുഹൃദയ ചിത്രം അവിടെ ഇന്നും കാണാം. ഒപ്പം യേശുവിന്റെ കുരിശുമരണത്തിന്റെ ചിത്രവും കാണാം.
1945 ജനുവരി 27 ന് ഓഷ്വോവിറ്റ്സ് ക്യാമ്പ് സോവിയറ്റ് സൈന്യം മോചിപ്പിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം വധിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹം കോറിയിട്ട തിരുഹൃദയ ചിത്രം ഇന്നും നിലകൊള്ളുന്നു.
Send your feedback to : onlinekeralacatholic@gmail.com