വിശുദ്ധ അമ്മ ത്രേസ്യ ഇത്രയും നര്‍മ്മബോധമുള്ള വിശുദ്ധയായിരുന്നോ?
ജോര്‍ജ് കൊമ്മറ്റം - ഒക്ടോബര്‍ 2025
വിശുദ്ധയും പരിഷ്ക്കര്‍ത്താവും വേദപാരംഗതയുമായ വി. അമ്മ ത്രേസ്യ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്കെത്തുന്ന ഒരു ചിത്രം വളരെ കര്‍ക്കശക്കാരിയായ ഒരു കന്യാസ്ത്രിയുടേതായിരിക്കും. പോരാത്തതിന് വേദപാരംഗത എന്ന ഒരു പദവിയും. എന്നാല്‍ 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, പൊട്ടിച്ചിരിക്കുന്ന, കോമഡി അടിക്കുന്ന ഒരു വിശുദ്ധയായിരുന്നുവത്രെ വി. അമ്മ ത്രേസ്യ. ഈശോയെ പ്രതിയുള്ള സ്നേഹത്താല്‍ എരിയുമ്പോഴും നല്ല നര്മ്മബോധമുള്ളവളായിരുന്നു വിശുദ്ധ. ' ദുഖിതയായ ഒരു കന്യാസ്ത്രി ഒരു മോശം കന്യാസ്ത്രിയാണ്' (എ സാഡ് നണ് ഈസ് എ ബാഡ് നണ്) എന്ന ഉദ്ധരണി തന്നെ അമ്മ ത്രേസ്യയുടേതാണ്.
അമ്മ ത്രേസ്യയെക്കുറിച്ചുള്ള രസകരമായ ഒരു സംഭവം ഇങ്ങനെയാണ്...ഇടിയും മഴയുമുള്ള ഒരു ദിവസം അമ്മ ത്രേസ്യ തിടുക്കത്തില്‍ കോണ്‍വെന്റിലേക്ക് ഓടിപ്പോകുകയായിരുന്നു. പെട്ടെന്ന് വഴിയരികിലെ ഒരു വരമ്പില്‍ തട്ടില്‍ അവള് ചെളി വെള്ളത്തിലേക്ക് വീണു. അവിടെ കിടന്നുകൊണ്ടു തന്നെ അമ്മ ത്രേസ്യ മുകളിലേക്ക് നോക്കി കര്‍ത്താവിനോട് ചോദിച്ചു ' ഇങ്ങനെയാണോ നിന്നെ സ്നേഹിക്കുന്നവരെ നീ ട്രീറ്റ് ചെയ്യുന്നത്, വെറുതെയല്ല നിനക്ക് അധികം സുഹൃത്തുക്കളില്ലാത്തത്'
വേറൊരിക്കല്‍ സഹനവും കഷ്ടപ്പാടും കൊണ്ട് ബുദ്ധിമുട്ടിയപ്പോള്‍ അമ്മ ത്രേസ്യ ഈശോയോട് ചോദിച്ചു ഇതെന്താണ്... ഈശോ പറഞ്ഞു. ഞാന്‍ സ്നേഹിക്കുന്നവര്‍ക്ക് സഹനമുണ്ടാകും. അമ്മ ത്രേസ്യ എടുത്തടിച്ചതുപോലെ പറഞ്ഞു... 'വെറുതെയല്ല നിന്നെ സ്നേഹിക്കാന്‍ ആളില്ലാത്തത്'
സഹസന്യാസിമാരോട് നല്ലൊരു സന്യാസിനിയാകണമെങ്കില് നല്ല നര്‍മ്മബോധം വളര്ത്തിയെടുക്കുവാനായിരുന്നു ഉപദേശിച്ചിരുന്നത്. 'ഞാന്‍ ഒരു കൂട്ടം പിശാചുക്കളെക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് ഒരു അസുന്തഷ്ടയായ കന്യാസ്ത്രിയെയാണ്' നമുക്ക് ദൈവം തന്നിരിക്കുന്ന നര്‍മ്മബോധം നാം മറച്ചുവെച്ചിട്ട് നമുക്കെന്തു കിട്ടാനാണ്. നമ്മുടെ ഹ്യൂമര്‍ സെന്‍സ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനായി ഉപയോഗിക്കണം, അമ്മ ത്രേസ്യ അവരോട് പറയുമായിരുന്നുവത്രെ.
എന്നാല്‍ വി. അമ്മ ത്രേസ്യ വെറും തമാശക്കാരിയായിരുന്നില്ല. അവള് വലിയ ഒരു പരിഷ്ക്കര്‍ത്താവായിരുന്നു. കാട്ടിക്കൂട്ടല് ഭക്തിയോട് അമ്മ ത്രേസ്യയ്ക്ക് യാതൊരു താല്പര്യവുമില്ലായിരുന്നു. ഒരിക്കല്‍ അമ്മ ത്രേസ്യ പ്രാര്‍ത്ഥിച്ചത് ഇങ്ങനെയായിരുന്നു... നല്ല കര്‍ത്താവേ, പൊള്ളയായ ഭക്താനുഷ്ഠാനങ്ങളില്‍ നിന്നും ദുഖിച്ച മുഖമുള്ള വിശുദ്ധരില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്നായിരുന്നു.
അമ്മ ത്രേസ്യ പറയുമായിരുന്നു ചിരിയാണ് ഏറ്റവുംനല്ല മെഡിസിന്. നല്ല നര്‍മ്മബോധം നമ്മുടെ ശരിസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ലോകത്തിന്റെ സൗന്ദര്യം കാണുന്നതിനും നമ്മെ സഹായിക്കും. വിശുദ്ധരായിരിക്കുന്നതിന് ദുഖഭാവമുള്ളവരായിരിക്കണമെന്ന് ദൈവം ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ട് വിശുദ്ധരായിരിക്കുവാന്‍ ആദ്യം ചെയ്യേണ്ടത് നര്മ്മബോധമുള്ളവരായിത്തീരുക എന്നതാണ്.
Send your feedback to : onlinekeralacatholic@gmail.com