ഒക്ടോബര്‍ എന്തുകൊണ്ടാണ് ജപമാല മാസമായത്?
ഫാ. മാത്യു തടത്തില്‍ - ഒക്ടോബര്‍ 2026
ഒക്ടോബര്‍ വന്നാല്‍ ജപമാല കിലുങ്ങും. ലോകമാസകലമുള്ള കത്തോലിക്ക ദേവാലയങ്ങളിലും കുടുംബങ്ങളിലും കൊന്തനമസ്ക്കാരം ചൂടുപിടിക്കും. ജപമാല എല്ലാ കത്തോലിക്കഭവനങ്ങളിലെയും നിത്യപ്രാര്ത്ഥനയാണെങ്കിലും ഒക്ടോബര്‍ മാസത്തില്‍ അത് ഒരു ആഘോഷമായി മാറുന്നു. കുടുംബങ്ങളിലും കുടുംബക്കൂട്ടായ്മകളിലും ധ്യാനകേന്ദ്രങ്ങളിലും പള്ളികളിലും ജപമാലമണികള്‍ ഉരുളും.
എന്തുകൊണ്ടാണ് ഒക്ടോബര്‍ ജപമാല മാസമായതെന്ന് അറിയാമോ.അതിനുപിന്നില്‍ ഒരു ചരിത്രസംഭവമുണ്ട്. ലെപ്പന്തോ യുദ്ധം എന്നാണ് അത് അറിയപ്പെടുന്നത്.
അയോണിയന്‍ കടലിലെ പത്രാസ് ഉള്‍ക്കടലില്‍ 1571 ഒക്ടോബര്‍ 7-നായിരുന്നു യുദ്ധം. ഓട്ടോമാന്‍ സൈന്യവും ക്രൈസ്തവ സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
സ്പെയിന്, വെനീസ് രാജ്യങ്ങളിലെയും പേപ്പല്‍ സംസ്ഥാനങ്ങളിലെയും സൈന്യങ്ങള്‍ ചേര്‍ന്നതായിരുന്നു വിശുദ്ധ സഖ്യം എന്ന് വിളിക്കപ്പെട്ടിരുന്ന ക്രൈസ്തവസൈന്യം.
ഓട്ടോമാന്‍ സൈന്യത്തെക്കാള്‍ അംഗസംഖ്യയില്‍ ക്രൈസ്തവ സൈന്യം വളരെ പിന്നിലായിരുന്നു. ആ യുദ്ധത്തില്‍ ക്രൈസ്തവസൈന്യം പരാജയപ്പെട്ടിരുന്നുവെങ്കില്‍ ക്രൈസ്തവരാജ്യങ്ങളായി അറിയപ്പെട്ടിരുന്ന സ്പെയിനും ഫ്രാന്‍സും എല്ലാം അന്നേ മുസ്ലിം രാജ്യങ്ങളാകുമായിരുന്നു.
ഓസ്ട്രിയക്കാരനായ അഡ്മിറല്‍ ജോണായിരുന്നു ക്രൈസ്തവ സൈന്യത്തിന്റെ നായകന്. എണ്ണത്തില്‍ കുറവായ ക്രൈസ്തവസൈന്യം യുദ്ധത്തില്‍ തോല്ക്കാന് എല്ലാ സാധ്യതയും ഉണ്ടെന്ന് തിരിച്ചറിഞ്ഞ വി. അഞ്ചാം പീയൂസ് മാര്‍പാപ്പ ക്രൈസ്തവരുടെ വിജയത്തിനായി പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാര്‍ത്ഥിക്കുവാന്‍ റോമിലെ സഭയോട് ആകമാനം ആഹ്വാനം ചെയ്തു. റോമിലെ ദേവാലയങ്ങളെല്ലാം രാപകല്‍ തുറന്നിട്ടു മെത്രാന്മാരും വൈദികരും ജനങ്ങളും തീക്ഷ്ണമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു.
അക്കാലത്ത് കടലിലെ കാലാവസ്ഥ, യുദ്ധത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഒക്ടോബര്‍ 7 ന് രാവിലെ യുദ്ധം ആരംഭിക്കുമ്പോള്‍ കടല്‍ക്കാറ്റ് ഓട്ടോമാന്‍ സൈന്യത്തിന് അനുകൂലമായിരുന്നു. ക്രൈസ്ത സൈന്യം പരാജയം മണത്തു. പരാജയം ഉറപ്പായ അവരും അമ്മയുടെ സഹായം തേടി പ്രാര്‍ത്ഥിച്ചു. ഉച്ചയോടെ അന്തരീക്ഷം മാറി. കടല്‍ക്കാറ്റ് ക്രൈസ്തവസൈന്യത്തിന് അനുകൂലമായി. ആ കൊടുങ്കാറ്റില്‍ ഓട്ടോമാന്‍ സൈന്യം അമ്പേ പരാജയപ്പെട്ടു. അതിനുശേഷം ഓട്ടോമാന്‍ സൈന്യവും ക്രൈസ്തവസൈന്യവും തമ്മില്‍ ഏറ്റുമിട്ടിയിട്ടില്ല. ജപമാലയിലൂടെ അമ്മ സമാധാനം സ്ഥാപിച്ചു.
ആ അത്ഭുതവിജയത്തിന്റെ ഓര്‍മ്മയ്ക്ക് വി. അഞ്ചാം പീയൂസ് പാപ്പ ഒക്ടോബര്‍ 7 വിജയമാതാവിന്റെ തിരുന്നാളായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഗ്രിഗറി 13-മനാണ് ഒക്ടോബര്‍ 7 ജപമാലയുടെ തിരുന്നാളായി പ്രഖ്യാപിച്ചത്.
1810 മുതല്‍ 1903 വരെ സഭയെ നയിച്ച ലെയോ 13 -ാമന്‍ മാര്‍പാപ്പ ജപമാലയെക്കുറിച്ച് 13 ചാക്രികലേഖനങ്ങളെഴുതി. ഒക്ടോബര്‍ ജപമാല മാസമായി പ്രഖ്യാപിച്ചു.
1858 ല്‍ ഫ്രാന്‍സിലെ ലൂര്‍ദില്‍ ബര്ദീത്തയ്ക്കു പ്രത്യക്ഷപ്പെട്ട അമ്മ ലോകത്തിന്റെ മാനസാന്തരത്തിനായി ജപമാല ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. പിന്നീട് 1917 ല്‍ ഒക്ടോബര്‍ 13ന് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ താന്‍ ജപമാല രാജ്ഞിയാണന്നും റഷ്യയുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലണമെന്നും ആവശ്യപ്പെട്ടു. ലോകസമാധാനത്തിനായി ജപമാല ചൊല്ലുവാന്‍ അമ്മ ഉപദേശിച്ചു. 1945 ല്‍ ആംസ്റ്റര്‍ ഡാമില്‍ പ്രത്യക്ഷപ്പെട്ട അമ്മ ജപമാലയിലൂടെ വിജയം കൈവരിക്കാനാവും എന്ന് ഉപദേശിച്ചു. അമ്മ പറഞ്ഞതുപോലെ സംഭവിച്ചു. ജനം ജപമാല ചൊല്ലി. റഷ്യ മാനസാന്തരപ്പെട്ടു. ലോകമഹായുദ്ധം അവസാനിച്ചു.
Send your feedback to : onlinekeralacatholic@gmail.com