വിശുദ്ധന്മാരായാല്‍ ഇങ്ങനെ വേണം
പ്രാങ്കന്മാരായ രണ്ട് ന്യൂജന്‍ വിശുദ്ധന്മാര്
ജോര്‍ജ് കൊമ്മറ്റം - സെപ്തംബര്‍ 2025
കത്തോലിക്ക സഭയ്ക്ക് രണ്ട് ന്യൂജന്‍ വിശുദ്ധന്മാരെ കിട്ടിയിരിക്കുന്നു. വിശുദ്ധ കാര്‍ലോ ആക്യൂട്ടിസും വിശുദ്ധ പിയര്‍ ജിയോര്‍ജിയോ ഫ്രസാത്തിയും. ശരിക്കും മനുഷ്യന്മാരായവര്. ചിരിയും കളികളും വിശ്വാസവും കോര്‍ത്തിണക്കിയ ന്യൂജന്മാര്. ഇന്നത്തെ കാലത്തിന് ഏറ്റവം അനുയോജ്യരായ രണ്ടു വിശുദ്ധന്മാരണ് അവര്‍. അതുകൊണ്ടുതന്നെ യൂത്തന്മാര് അവരെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
വിശുദ്ധിയും തമാശയും ഒരുമിച്ച് പോകില്ല എന്നായിരുന്നു പലരും ഇതുവരെ ചിന്തിച്ചിരുന്നത്. എന്നാല്‍ രണ്ട് പേരും പ്രങ്കന്മാര് ആയിരുന്നുവത്രെ. മറ്റുള്ളവരെ ചിരിപ്പിക്കുവാന്‍ കുസൃതികളും തമാശകളും ഒപ്പിക്കുന്ന യൂത്തനായിരുന്നു ഫ്രസാത്തി. കോമഡി ഒപ്പിക്കുന്ന ടിപ്പി ലോഷി എന്ന ടീമിന്റെ തന്നെ നേതാവായിരുന്നു അദ്ദേഹം.
ഒരു ദിവസം പരീക്ഷ ഹാളില്‍ അദ്ദേഹത്തിന്റെ പ്രഫസര്‍ക്ക് ഒരു ഗിഫ്റ്റ് ബോക്സ് ഡെലിവറി ചെയ്തു. ക്ലാസ് ഒന്നടങ്കം നോക്കിയിരിക്കുമ്പോള്‍ പ്രഫസര്‍ അത് വാങ്ങി ടേബിളിലേക്ക് കൊണ്ടുവന്നു. ആ ഗിഫ്റ്റ് ബോക്സില്‍ നിന്ന് ഐസ്ക്രീം അലിഞ്ഞലിഞ്ഞ് താഴേക്ക് വീണുകൊണ്ടിരുന്നു. ക്ലാസില്‍ കൂട്ടച്ചിരിയുയര്‍ന്നു. ഈ പ്രാങ്ക് അറേഞ്ച് ചെയ്തത് മറ്റാരുമായിരുന്നില്ല. നമ്മുടെ ഇപ്പോഴത്തെ വിശുദ്ധന് ഫ്രസാത്തിയായിരുന്നു. ഇതുപോലെ നിരവധി പ്രാങ്കുകള്‍ അദ്ദേഹം ഒപ്പിച്ചിരുന്നു.
ഫ്രസാത്തിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും വൈദികനുമായ ഫാ. റിനാള്‍ഡോ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്...അവന് എപ്പോഴും സന്തോഷവാനായിരുന്നു, സ്ഫോടനാത്മകമായിരുന്നു ആ സന്തോഷം പലപ്പോഴും. അവന്റെ അവസാനമില്ലാത്ത പ്രങ്കുകള്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു. ചിരിപ്പിച്ച് ചിരിപ്പിച്ച് അവന് അവരെ പ്രാര്ത്ഥനയിലേക്കോ, സേവനത്തിനോ കൂട്ടിക്കൊണ്ടുപോകുമായിരുന്നുവെന്നാണ് അവന്റെ കൂട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
വി. കാര്‍ലോയും ഫ്രസാത്തിയെപ്പോലെ തമാശക്കാരനും കുസൃതിയുമായിരുന്നു. കാര്‍ലോയെ റിലീജിയന്‍ പഠിപ്പിച്ച ടീച്ചര്‍ സി. മോനിക്ക സെറോണി പറയുന്നത് കേള്‍ക്കാം...ക്ലാസില്‍ വല്യ പഠിത്തക്കാരനൊന്നുമായിരുന്നില്ല അവന്. പലപ്പോഴും ഹോം വര്‍ക്ക് മറക്കും, ലേറ്റായി വരും. പക്ഷേ പഠിക്കുവാന്‍ വളരെ ജിജ്ഞാസയുണ്ടായിരുന്നു. ശരിക്കും ഒരു തമാശക്കാരനായിരുന്നു അവന്. അവന്റെ ജോക്കുകള്‍ ക്ലാസിലുള്ളവരെ ചിരിപ്പിക്കുകയും ക്ലാസ് ലൈറ്റാക്കുകയും ചെയ്തിരുന്നു. ചിരിപ്പിക്കുക മാത്രമല്ല അവന് അവരെ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരുന്നു.
നല്ല ഫുട്ബോള്‍ കളിക്കാരനായിരുന്നു കാര്‍ലോ. കളിച്ച് മടുക്കുമ്പോള്‍ ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കും. പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവരെയെല്ലാം അവന് കൂടെകൂട്ടി ചിരികൊണ്ട് കോര്‍ത്തിണക്കിയിരുന്നു.
രണ്ടു വിശുദ്ധരും പറയുന്ന ഒരു കാര്യമുണ്ട്- വിശുദ്ധിയും നര്‍മ്മവും ശത്രുക്കളല്ല. ക്രിസ്തുവില്‍ അടിയുറച്ച സ്തോഷം ചിരിയായും കളിയായും തമാശയായും കുസൃതിയായും പുറത്തേക്കൊഴുകും. ആ ഗുണമാണ് അവരെ യൂത്തന്മാരുടെ ഇഷ്ടഭാജനങ്ങളാക്കുന്നതും. കളിക്കാനും ചിരിക്കാനും അലഞ്ഞുതിരിയാനും മുട്ടുകുത്താനും ഒരുപോലെ സമയം കണ്ടെത്തിയ മോഡേണ്‍ വിശുദ്ധന്മാരാണവര്.
Send your feedback to : onlinekeralacatholic@gmail.com