ജപമാല ചൊല്ലിയതുകൊണ്ട് മാനസികാരോഗ്യം വര്‍ദ്ധിക്കുമോ?
ഷേര്‍ളി മാണി - ജൂലൈ 2025
ഇനി മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുവാനായി പുതിയ ആപ്പ് സബ്സ്ക്രൈബ് ചെയ്യുകയോ, ഓണ്‍ലൈന്‍ കോഴ്സുകളില്‍ ചേരുകയോ വേണ്ട. വീട്ടിലുള്ള കൊന്ത കൈയിലെടുക്കുക. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ക്ക് മനശാന്തിയും ആന്തരികസമാധാനവും ലഭിക്കുമെന്നുമാത്രമല്ല, ദൈവവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാവുകയും ചെയ്യും.
ഇത്രയും കാലം പലരും ചോദിക്കുമായിരുന്നു ഒരേ പ്രാര്‍ത്ഥന തന്നെ വീണ്ടും വീണ്ടും ചൊല്ലിക്കൊണ്ടിരുന്നിട്ടെന്തു കാര്യം എന്ന്. കാര്യം ഉണ്ട് എന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ദ ജേണല്‍ ഓഫ് റിലീജിയന്‍ ആന്റ് ഹെല്‍ത്ത് മാഗസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇസ് ദ റോസറി സ്റ്റില്‍ റെലവന്റ്? എക്സ്പ്ലോറിംഗ് ഇറ്റ്സ് ഇംപാക്ട് ഓണ്‍ മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബീയിംഗ്: എ മള്‍ട്ടിനാഷണല്‍ സ്റ്റഡി എന്ന പേരിലാണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗൂഗിളില്‍ തിരഞ്ഞാല്‍ അത് വായിക്കുകയും ചെയ്യാം.
ധ്യാനവും പ്രാര്‍ത്ഥനയുമൊക്കെ നമ്മുടെ മാനസികാരോഗ്യത്തില്‍ ചൊലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നേരത്തെ ഇഷ്ടം പോലെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, നമ്മുടെ ജപമാലയെ ഇതുവരെ എല്ലാവരും സൈഡാക്കിയിരിക്കുകയായിരുന്നു. പക്ഷേ, നമ്മുടെ അമ്മമാരും പൂര്‍വ്വികരുമൊക്കെ അതിന്റെ ശക്തിയും സൗന്ദര്യവുമൊക്കെ ആവോളം അനുഭവിച്ചവരായിരുന്നു. പലര്‍ക്കും ദുഷ്ക്കരമായ ജീവിതസമരത്തില്‍ ജപമാല ഒരു ആയുധമായിരുന്നു. അടുക്കളയിലും പറമ്പിലും അത് അവര്‍ക്ക് കൂട്ടായിരുന്നു. ഇപ്പോഴല്ലേ മനസ്സിലായത് നമ്മുടെ അമ്മച്ചിമാരുടെ മാനസികാരോഗ്യത്തിന്റെ ഗുട്ടന്‍സ്.
ജപമാല പ്രാര്‍ത്ഥന ഇതുവരെ അക്കാദമിക് മേഖലയില്‍ അധികം വിശകലനം ചെയ്യപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല മെഡിറ്റേഷന്‍ പോലയോ, പ്രാര്ത്ഥനപോലയോ ഗവേഷണരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നുമില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. അവരുടെയെല്ലാം പ്രതികരണം ജപമാല പ്രാര്‍ത്ഥന തങ്ങളെ കൂളാക്കുന്ന പ്രാര്ത്ഥനയാണെന്നായിരുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഡിപ്രഷന് ഒഴിവാക്കുന്നതിനും സഹാനുഭൂതി വളര്‍ത്തുന്നതിനും ജപമാലയര്‍പ്പണം സഹായിച്ചുവെന്നും, ജപമാല ഒരു സംരക്ഷണപ്രാര്‍ത്ഥന പോലെ തങ്ങളെ കവചം ചെയ്ത് ആന്തരിക സമാധാനം നല്‍കുന്നുവെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തി. ആഗോള തലത്തില്‍ മാനസികാരോഗ്യം കുറഞ്ഞുവരുന്ന ഈ അവസരത്തില്‍, മാനസികമായ ക്ഷേമത്തിന് ജപമാല ചൊല്ലുന്നത് ഉചിതമാണെന്നും ഗവേഷകര്‍ പറയുന്നു.
സ്ഥിരമായി സന്ധ്യക്ക് ജപമാല ചൊല്ലുന്ന നമുക്ക് ഇത് പുതിയ ഒരു അറിവല്ലെങ്കിലും ജപമാലയെ അകറ്റി നിര്‍ത്തിയിരുന്നവര്‍ക്ക് ജപമാല കൈയിലെടുക്കാന്‍ ഇതുതന്നെ ബെസ്റ്റ് ടൈം.
Send your feedback to : onlinekeralacatholic@gmail.com