ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട
ചെങ്കു ഹന്‍സ്ദ ക്രൈസ്തവമതം സ്വീകരിച്ചു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ജൂണ്‍ 2025
1999 ല്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന കേസില്‍ ഉള്‍പ്പെട്ട കുട്ടി കുറ്റവാളിയായിരുന്ന ചെങ്കു ഹന്‍സ്ദ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ക്രൈസ്തവ വിശ്വാസം തതനിക്ക് ആന്തരിക സമാധാനവും സൗഖ്യവും നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ഒഡീഷയില്‍ പത്രപ്രവര്‍ത്തകനായ ദയാശങ്കര്‍ മിശ്രയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്.
കുറ്റകൃത്യത്തിലേര്‍പ്പെടുമ്പോള്‍ 13 വയസ്സായിരുന്നു ചെങ്കുവിന്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി ജുവനൈല്‍ സെന്ററിലേക്കയച്ചു. 14 വര്‍ഷത്തേയ്ക്കായിരുന്നു ശിക്ഷ.
ക്രിസ്തുമതം സ്വീകരിക്കുവാനുള്ള തന്റെ തീരുമാനം ആരുടെയും സമ്മര്‍ദ്ദത്തിന്റേയോ സ്വാധീനത്തിന്റെയോ ഫലമല്ല, മറിച്ച് വ്യക്തിപരമായ ദുഖത്തിന്റെയും ആത്മപരിശോധനയുടെയും ഫലമാണെന്ന് ചെങ്കു പറഞ്ഞു. ' ഒരു ക്രിസ്ത്യാനിയാകുന്നതില് എനിക്ക് സന്തോഷമുണ്ട്.' അദ്ദേഹം വെളിപ്പെടുത്തി. ബജറാംഗ്ദള് ആളുകള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല.' ചെങ്കു സൂചിപ്പിച്ചു.
ഒഡീഷയിലെ കത്തോലിക്ക വൈദികനായ ഫാ. അജയ്കുമാര്‍ സിംഗ്, ചെങ്കുവി ന്റെ ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. ചെങ്കുവിന്റെ ജയില്‍വാസ കാലത്ത് ഒരു വൈദികനും അദ്ദേഹത്തിന് കൗണ്‍സിലിംഗ് നല്‍കിയിരുന്നില്ല എന്നും ജയില്‍മോചിതനായ ചെങ്കു വളരെയധികം കഷ്ടപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ചു. അവന് ആദ്യഭാര്യയെയും സഹോദരിമാരെയും മറ്റ് കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. അത് ചെങ്കുവിനെ വളരെയധികം അസ്വസ്ഥനാക്കി.. ഫാ. അജയ് പറയുന്നു.
ഒരു ദിവസം സമാധാനത്തോടെ ജീവിക്കണമെങ്കില്‍ അക്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്ന ഒരു ആന്തരിക സ്വരം അവന് ശ്രവിച്ചു. ഗ്രഹാം സ്റ്റെയിന് കൊല്ലപ്പെട്ട ഒഡീഷയിലെ ആ ഗ്രാമത്തിലെ താന്‍ ഒരിക്കല്‍ ഉപദ്രവിച്ചവരുടെ അടുത്തേക്ക് ചെല്ലുവാന്‍ ആ ശബ്ദം അവനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ ക്രൈസ്തവ സമൂഹത്തിലേക്ക് ചെങ്കു എത്തിപ്പെടുന്നത്. ആ ആന്തരികശബ്ദം ഒടുവില്‍ അദ്ദേഹത്തെ ക്രിസ്തുമതം സ്വീകരിക്കാന്‍ സഹായിച്ചു.. ഫാ. അജയ് വെളിപ്പെടുത്തി.
ചെങ്കുവിന്റെ മാനസാന്തരകഥയും ക്രൈസ്തവര്‍ക്കെതിരെ കൊല്ലും കൊലയും നടത്തുന്നവര്‍ തന്നെ ക്രിസ്തുവിലേക്ക് മടങ്ങുന്ന ട്രെന്‍ഡിന് ആക്കം കൂട്ടുകയാണ്.
നേരത്തെ ഒഡീഷയില്‍ നിന്നുള്ള നാഗാര്‍ജ്ജുന പ്രധാന് എന്ന മുന്‍ കോണ്‍ഗ്രസ് മിനിസ്റ്റര്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. 1980 മുതല്‍ ഒഡീഷയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള മുന്നേറ്റത്തില്‍ അദ്ദേഹം ചുക്കാന്‍ പിടിച്ചിരുന്നു. അക്കാലത്ത് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി പങ്കെടുത്ത രഥയാത്ര യുടെ റിസപ്ഷന് കമ്മിറ്റി ചെയര്മാന് ആയിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു.
ചെങ്കുവിന്റെയും നാഗാര്‍ജ്ജുന പ്രധാന്റെയും മാനസാന്തരം മനുഷ്യമനസ്സിന് മാറ്റത്തിനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഒരിക്കല്‍ തങ്ങള്‍ നിഷ്ഠൂരമായി പീഡിപ്പിച്ചവരുടെ വിശ്വാസം തന്നെ സ്വീകരിക്കുവാന്‍ അവസരമൊരുക്കിയ ദൈവികമായ ഇടപെടലിനെയും അത് വെളിപ്പെടുത്തുന്നു.
Send your feedback to : onlinekeralacatholic@gmail.com