ക്രിക്കറ്റ് ലോകത്ത് ക്രൈസ്തവ വിശ്വാസം ഉറക്കെ പ്രഘോഷിച്ച്
ജെമീമ റോഡ്രീഗ്സ്
ജോര്‍ജ് കൊമ്മറ്റം - ഒക്ടോബര്‍ 2025
വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് വിജയം നേടി ഇന്ത്യ. ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യന്‍ പെണ്‍പുലികള്‍ ശക്തരായ ഓസ്ട്രേലിയയെ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ റെക്കോര്‍ഡ് റണ്‍ ചെയ്സില്‍ മറികടന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് വിമന്‍സ് ക്രിക്കറ്റിലെ തന്നെ പുതുചരിത്രമായിരുന്നു. അവിശ്വസനീയമായ ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ജെമീമ റോഡ്രീഗ്സ് എന്ന ക്രൈസ്തവ വനിതയും. ക്രീസിലെ അപാരമായ മികവിലൂടെ മാത്രമല്ല തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ജെമീമ കളിക്കളത്തിലും സോഷ്യല്‍മീഡിയയിലും താരമായി മാറിയിരിക്കുന്നത്.
കളിക്കളത്തിലെ വിജയത്തിന്റെ സര്‍വ്വ മഹത്വവും ദൈവത്തിന് അവള് സമര്‍പ്പിച്ചു. മത്സരത്തിനു ശേഷമുള്ള അഭിമുഖത്തില്‍ ജെമീമ പറഞ്ഞു ' ആദ്യമായി ഞാന്‍ യേശുവിന് നന്ദിപറയുന്നു. പിന്നെ എന്റെ മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി പറയുന്നു. കളി അവസാന നിമിഷത്തോട് അടുത്തപ്പോള്‍ നീ എന്താണ് തനിയെ പലതവണ പറയുന്നത് കണ്ടത് എന്ന ചോദ്യത്തിനവള്‍ അഭിമാനത്തോടെ പറഞ്ഞത് ' ഞാന്‍ ആ ഉദ്വേഗനിമിഷങ്ങളില്‍ ദൈവവചനമാണ് ഉരുവിട്ടുകൊണ്ടിരുന്നത്. കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി' (പുറപ്പാട്:1414) എന്ന വചനമാണ് ഞാന്‍ അവര്‍ത്തിച്ച് ഉരുവിട്ടത്. ആ ദൈവവചനമാണ് എനിക്ക് ഊര്‍ജ്ജം നല്കിയതും രാജ്യത്തെ വിജയത്തിലേക്ക് നയിച്ചതും' എന്നാണ്.
കോടാനുകോടി ജനങ്ങള്‍ക്കുമുമ്പാകെ പരസ്യമായി ദൈവത്തെ മഹത്വപ്പെടുത്തുകയും തന്റെ വിശ്വാസം ഏറ്റുപറയുകയും ചെയ്ത ജമീമ എന്ന പെണ്‍കുട്ടിയുടെ ആദ്യത്തെ ലോക കപ്പ് മത്സരമായിരുന്നു ഇത്.
നേരത്തെ തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജെമീമയുടെ അംഗത്വം മുംബൈയിലെ പഴക്കമേറിയ ക്ലബ്ലുകളിലൊന്നായ ഖാര് ജിംഖാന റദ്ദാക്കിയിരുന്നു.. ജമീമയുടെ പിതാവ് ഇവാന് റോഡ്രീഗ്സ് ക്ലബ്ബുമായ ബന്ധപ്പെട്ട സ്ഥലങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്നതായിരുന്നു ആരോപണം.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയ താരമാണ് ജെമീമ റോഡ്രീഗ്സ്. എപ്പോഴും ഊര്‍ജസ്വലയായി കണപ്പെടുന്ന ജെമീമയ്ക്ക് ആരാധകരേറെയാണ്. ഫീല്‍ഡിലെ നിസ്തുലമായ പ്രകടനത്തോടെ ജെമീമ സോഷ്യല്‍ മീഡിയയിലും വൈറലായിക്കഴിഞ്ഞു.
Send your feedback to : onlinekeralacatholic@gmail.com