ഇത് വെറുമൊരു അപ്പമല്ലേ,
കുര്‍ബാന സ്വീകരിക്കാന്‍ വന്ന വനിത പരിഹാസത്തോടെ ചിരിച്ചു; പിന്നെ സംഭവിച്ചത്
ഷേര്‍ളി പാറ്റാനി - സെപ്തംബര്‍ 2025
സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് എന്ന് വിളിക്കുന്ന ഒരു വിശുദ്ധനുണ്ട് കത്തോലിക്ക സഭയില്‍. അദ്ദേഹത്തിന്റെ ഗോള്‍ഡന്‍ ലെജന്‍ഡ്സ് ഓഫ് സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് എന്ന പുസ്തകത്തില്‍ ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടള്ള രസകരമായ ഒരു സംഭവമുണ്ട്....
എല്ലാ ഞായറാഴ്ചയും കുര്‍ബാനയ്ക്ക് വാഴ്ത്തുവാനുള്ള ബ്രെഡ് ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നത് ഈ ഇടവകയിലെ ഒരു വിധവയായിരുന്നു. വി. ഗ്രിഗറി കുര്‍ബാന നല്‍കവെ, അന്നത്തെ അപ്പം ഉണ്ടാക്കിക്കൊണ്ടുവന്ന സ്ത്രീയും കുര്‍ബാന സ്വീകരിക്കാനായി വിശുദ്ധന്റെ മുന്നിലെത്തി.
വിശുദ്ധന് ഈശോയുടെ ശരീരവും രക്തവും അത് നിനക്ക് നിത്യജീവന് നല്കട്ടെ എന്ന് പറഞ്ഞ് അപ്പമെടുത്ത് നീട്ടി. അപ്പം ഉണ്ടാക്കിക്കൊണ്ടുവന്ന സ്ത്രീ ആ വാക്കുകള്‍ കേട്ട് വിശുദ്ധനെ കളിയാക്കി ചിരിച്ചു. താന്‍ ഉണ്ടാക്കിക്കൊണ്ടുവന്ന അപ്പമെങ്ങനെയാണ് ഈശോയുടെ ശരീരവും രക്തവും ആകുന്നത് എന്നതായിരുന്നു ആ സ്ത്രീയുടെ മനസ്സില്‍.
വിശുദ്ധന് കുര്‍ബാന കൊടുക്കാതെ അത് അള്‍ത്താരയില്‍ വെച്ചു. അദ്ദേഹം അവളോട് ചോദിച്ചു, എന്തിനാണ് ചിരിച്ചത്, അവള് പറഞ്ഞു-ഞാനീ കൈകള്‍ കൊണ്ട് ഉണ്ടാക്കിയ അപ്പത്തെ ഈശോയുടെ ശരീരം എന്ന് അച്ചന് വിളിച്ചതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്.
വിശുദ്ധന് അവിടെയുണ്ടായിരുന്നവരോട് ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ ദേവാലയത്തിലുള്ള എല്ലാവരോടും ആവശ്യപ്പെട്ടു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അള്‍ത്താരയില്‍ വെച്ചിരുന്ന ആ ദിവ്യകാരുണ്യം മാംസമായി മാറിയത് അവര്‍ എല്ലാവരും കണ്ടു. അദ്ദേഹം വീണ്ടും പ്രാര്‍ത്ഥിച്ചു. മാംസം വീണ്ടും അപ്പത്തിന്റെ രൂപം പ്രാപിച്ചു. അതിനുശേഷം അദ്ദേഹം ആ സ്ത്രീക്ക് കുര്‍ബാന നല്കി.
ആ സംഭവത്തോടുകൂടി വിധവയായ സ്ത്രീ വിശ്വാസത്തില്‍ കൂടുതല്‍ തീക്ഷണതയുള്ളവളായിത്തീര്ന്നു. ഒപ്പം സംശയാലുക്കളായിരുന്ന വിശ്വാസികളുടെ സംശയവും തീര്‍ന്നു.
Send your feedback to : onlinekeralacatholic@gmail.com