വിളക്കന്നൂരിലെ ദിവ്യകാരുണ്യാത്ഭുതത്തിന് സാക്ഷ്യം വഹിച്ച വൈദികന്റെ വാക്കുകള്‍
ഷേര്‍ളി മാണി - ജൂണ്‍ 2025
ദിവ്യകാരുണ്യത്തിന്റെ പല അടയാളങ്ങളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. പക്ഷേ ദിവ്യകാരുണ്യത്തിലേക്കു നോക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖം തെളിഞ്ഞു വന്നതു ദൈവം നമുക്കായി മാത്രം കരുതിവെച്ച സമ്മാനമാണ്. ലോകാവസാനം വരെ ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കുമെന്ന ക്രിസ്തുവിന്റെ വാഗ്ദാനം ഈ അസാധാരണസംഭവത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു.
തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ഫാ. തോമസ് പതിക്കല്‍ ബലിയര്‍പ്പിച്ചുകൊണ്ടിരിക്കേയാണ് തിരുവോസ്തിയില്‍ ഈശോയുടെ മുഖം തെളിഞ്ഞത്.. അദ്ദേഹത്തിന്റെ വാക്കുകള്‍.....
"2013 നവംബര്‍ 15 വെള്ളിയാഴ്ച. വിളക്കന്നൂരിലെ ക്രിസ്തുരാജ ദേവാലയത്തില്‍ പതിവുപോലെ രാവിലെ ആറിന് ഞാന്‍ ദിവ്യബലി തുടങ്ങി.
പള്ളിയില്‍ ആളുകള്‍ കുറവായിരുന്നു. പതിവ് ആരാധനാ ഗീതങ്ങളും സ്തുതികളും പ്രാര്‍ത്ഥനയും ബൈബിള്‍ പാരായണവുമായി ദിവ്യബലി പുരോഗമിച്ചു. ദിവ്യബലിമധ്യേ ഈശോയുടെ തിരുശരീരമാകുന്ന തിരുവോസ്തി ഉയര്‍ത്തി ' ഇത് എന്റെ ശരീരമാകുന്നു' എന്ന ക്രിസ്തുവചനം ഞാന്‍ ചൊല്ലി. പതിവുപോലെ വണങ്ങി തിരുവോസ്തിയിലേക്ക് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല. തിരുവോസ്തിയില്‍ മനുഷ്യമുഖ സാദൃശ്യം. കുറച്ചുസമയം അത് നോക്കിനിന്ന ശേഷം സത്യമാണോ എന്നറിയാന്‍ തൊട്ടടുത്തുണ്ടായിരുന്ന ദേവാലയ ശുശ്രൂഷിയെ കാണിച്ചു. അദ്ദേഹവും അത് മനുഷ്യരൂപത്തിനോട് സാദൃശ്യമുണ്ടെന്ന് പറഞ്ഞു. അതോടെ കടുത്ത വിറയലും ഭയവും എന്നിലുണ്ടായി. തൊണ്ട വരളുന്നത് പോലുള്ള അവസ്ഥ. ദിവ്യബലിക്ക് വന്നവര്‍ എനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായോ എന്ന് സംശയിച്ചു.
സാധാരണഗതിയില്‍ ഉയര്‍ത്തിയ തിരുവോസ്തി രണ്ടായി മുറിച്ച് തിരുരക്തത്തില്‍ മുക്കുമ്പോഴാണ് കര്മ്മങ്ങല് പൂര്‍ത്തിയാകുന്നത്. ഈശോയുടെ മുഖം തെളിഞ്ഞ തിരുവോസ്തി മുറിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. പകരം മറ്റൊരു ചെറിയ തിരുവോസ്തി മുറിച്ചാണ് ദിവ്യബലി പൂര്‍ത്തിയാക്കിയത്.
കുര്‍ബാനയ്ക്ക് ശേഷം പങ്കെടുത്ത ആളുകളെ ഈ ദിവ്യാത്ഭുതം കാണിച്ചു. പലരും അത്ഭുതപരവശരായി നിലവിളിച്ചു. പിന്നീടുള്ള മണിക്കൂറില്‍ പള്ളിമുറ്റം ആയിരങ്ങളെക്കൊണ്ട് നിറഞ്ഞു."
2013 നവംബര്‍ 13 ന് അത്ഭുതം സംഭവിച്ചു. നവംബര്‍ 17 ന് അന്നത്തെ അതിരൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റം തിരുവോസ്തി തലശ്ശേരി ബിഷപ്സ് ഹൗസിലേക്ക് കൊണ്ടുപോയി. നവംബര്‍ 21 ന് തന്നെ ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ സീറോ മലബാര്‍ ഡോക്ട്രിനല്‍ കമ്മീഷന് ചുമതലപ്പെടുത്തി. 2013 ഡിസംബര്‍ 21 ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2023 ഓഗസ്റ്റ് 8 ന് കൂടുതല്‍ പഠനത്തിനായി റോമിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ തിരുവോസ്തി എത്തിച്ചു. 2025 മാര്‍ച്ച് 19 ന് ശാസ്ത്രീയ പഠനത്തിന്റെ റിപ്പോര്‍ട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തി അപ്പസ്തോലിക് നൂണ്‍ഷ്യോ ദിവ്യകാരുണ്യ അടയാളം അത്ഭുതമായി പ്രഖ്യാപിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചു. 2025 മെയ് 9 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാംബ്ലാനി ദിവ്യകാരുണ്യാത്ഭുതം സഭ അംഗീകരിച്ചതായി പ്രഖ്യാപിച്ചു.
എന്തിനാണ് ശാസ്ത്രീയ പഠനങ്ങള്‍
ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലമില്ലാതെ ക്രൈസ്തവസഭയില്‍ അത്ഭുതങ്ങള്‍ സ്ഥിരീകരിക്കില്ല. ഇവിടെയും തിരുവോസ്തിയിലെ ഛായാചിത്രത്തില്‍ പുറമേ നിന്നുള്ള ഏതെങ്കിലും പദാര്‍ത്ഥത്തിന്റെ സ്വാധീനമുണ്ടോ എന്നു മനസ്സിലാക്കാന്‍ കഴിയുന്ന ഫോറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപി അനാലിസിസ്, ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി, മാസ് സ്പെക്ട്രോമെട്രി എന്നീ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
തിരുവോസ്തിയിലെ ഛായാചിത്രം തിരുവോസ്തിയിലെ പദാര്‍ത്ഥങ്ങളില്‍ നിന്നുതന്നെയാണു രൂപപ്പെട്ടതെന്ന നിഗമനത്തിലെത്തിയ ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലാണു വിളക്കന്നൂരിലെ അസാധാരണ പ്രതിഭാസത്തെ ദൈവിക അടയാളമായി വത്തിക്കാന്‍ സ്ഥിരീകരിച്ചത്.
Send your feedback to : onlinekeralacatholic@gmail.com