ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയെ
പിടികൂടിയ പോലീസ് ഓഫീസര്‍ ഇപ്പോള്‍ സുവിശേഷ പ്രസംഗകന്
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ജൂലൈ 2025
ഒഡീഷയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് കഴിഞ്ഞുകൂടിയിരുന്ന ഓസ്ട്രേലിയന്‍ മിഷണറിയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്. 1999 ജനുവരി 22 ന് രാത്രിയില്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഫിലിപ്പ്, തിമോത്തി എന്ന രണ്ടു കുഞ്ഞുമക്കളെയും ജീപ്പിലിട്ട് ചുട്ടെരിച്ചുകൊന്ന കേസിലെ പ്രതിയായിരുന്ന ദാരാ സിംഗിനെ അതിസാഹസികമായി പിടികൂടിയ ബല്‍റാം സാഗര്‍ എന്ന പോലീസുകാരന് ഇപ്പോള്‍ സുവിശേഷ പ്രഘോഷകനായി മാറിയിരിക്കുന്നു.
അടുത്തകാലത്താണ് ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടെരിച്ച സംഘത്തിലുണ്ടായിരുന്ന കുട്ടികുറ്റവാളി ചെങ്കു ഹന്‍സ്ദ ക്രിസ്തുമതം സ്വീകരിച്ച കാര്യം വെളിപ്പെടുത്തി, ദൈവത്തിന്റെ വഴികള്‍ എത്ര അജ്ഞാതവും വിസ്മയകരവുമാണെന്ന് ലോകത്തിന് വെളിപ്പെടുത്തിയത്.
ദാരാസിംഗിനെ പിടികൂടുമ്പോള്‍ ബല്‍റാം സാഗര്‍ ഹൈന്ദവ വിശ്വാസിയായിരുന്നു. ഇപ്പോള്‍ തീക്ഷണമതിയായ സുവിശേഷപ്രസംഗകനും. അദ്ദേഹം ഒഡീഷയില്‍ നിന്നുള്ള ഫാ. അജയകുമാര്‍ സിംഗുമായി തന്റെ വിസ്മയകരമായ മാനസാന്തരകഥ പങ്കുവെയ്ക്കുന്നു.
ഗ്രഹാം സ്റ്റെയിന്‍സിനെ ജീപ്പിലിട്ട് ചുട്ടെരിച്ച കേസിലെ മുഖ്യപ്രതിയായിരുന്ന ദാരാസിംഗ് നിരവധികേസുകളിലെ പിടികിട്ടാപ്പുള്ളിയായിരുന്നു. ഒരു മലമുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ദാരാസിംഗിനെ ഒരു തോക്കു വില്‍പ്പനക്കാരനെന്ന നിലയില്‍ സമീപിച്ച്, ഒറ്റയ്ക്ക് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു ബല്‍റാം സാഗര്‍ എന്ന ധീരനായ പോലീസുകാരന്.
തന്റെ ജീവിതത്തിലെ വേദനാജനകമായ ഒരു അനുഭവമാണ് തന്നെ മാനസാന്തരത്തിലേക്ക് നയിച്ചതെന്ന് സാഗര്‍ വെളിപ്പെടുത്തുന്നു. ദാരാ സിംഗിനെ അറസ്റ്റ് ചെയ്തതിനുശേഷം അദ്ദേഹം വേറൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. അവിടെ വെച്ച് അടുക്കളയിലുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സാരമായി പൊള്ളലേറ്റു. ജീവന് നഷ്ടപ്പെട്ടില്ലെങ്കിലും ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ശ്വസിക്കാന്‍ തന്നെ വിഷമമായിരുന്നു.
ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും ഭാര്യയുടെ രോഗാവസ്ഥയ്ക്ക് യാതൊരു വ്യത്യാസവുമുണ്ടായില്ല. ഒടുവില്‍ ആരോ പറഞ്ഞു-ഒരു പാസ്റ്ററെ കൊണ്ടുവന്ന് ഒന്നു പ്രാര്‍ത്ഥിക്കുവാന്‍. അദ്ദേഹം പാസ്റ്ററെ കൂട്ടിക്കൊണ്ടുവരികയും ഭാര്യക്കുവേണ്ടി പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്തു. ഭാര്യയ്ക്ക് രോഗം മാറിയില്ലെങ്കിലും നല്ല സമാധാനം അനുഭവിക്കുവാന്‍ കഴിഞ്ഞു. ഭാര്യയുടെ സംഖ്യത്തിനുവേണ്ടി ക്രൈസ്തവരുടെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹം പങ്കെടുക്കാന്‍ തുടങ്ങി. വേറൊരവസരത്തില്‍, ഒരു പാസ്റ്റര്‍ വന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ഭാര്യക്ക് അസുഖം കുറയുകയും ചെയ്തു. എങ്കിലും വൈകാതെ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു.
ഭാര്യയ്ക്ക് ലഭിച്ച സമാധാനം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. ഈ സംഭവങ്ങള്‍ അദ്ദേഹത്തെ വല്ലാതെ സ്പര്‍ശിക്കുകയും അദ്ദേഹത്തിന്റെ ആത്മീയമായ കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുകയും ചെയ്തു. 'ക്രിസ്തുവിന്റെ സാദാ അനുയായികള്‍ക്ക് ഒരു രോഗിയെ പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്താന്‍ കഴിയുമെങ്കില്‍, ഈശോ എത്ര ശക്തിയുള്ളവനായിരിക്കും' താന്‍ വിചാരിച്ചുവെന്ന് സാഗര്‍ വെളിപ്പെടുത്തി.
ഇതിനിടയില്‍ സാഗറിന് പത്തു-പതിനഞ്ച് പ്രാവശ്യം ഈശോയുടെ ദര്‍ശനാനുഭവവും ലഭിച്ചു. അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി-ക്രിസ്തു തന്നെ ക്ഷണിക്കുന്നുവെന്ന്. അത് പെട്ടെന്നുള്ള ക്ഷണമായിരുന്നില്ല. ജീവിത സാഹചര്യങ്ങളും ആത്മീയമായ അനുഭവങ്ങളും ഒരുമിച്ച് അദ്ദേഹത്തെ ക്രിസ്തുവിലേക്ക് നയിച്ചു-ഫാ. അജയ് പറയുന്നു.
ക്രിസ്തുമതം സ്വീകരിച്ച അദ്ദേഹത്തോട് കുടുംബാംഗങ്ങളുടെ പ്രതികരണം സമ്മിശ്രമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യഭാര്യ ഹിന്ദുമതവിശ്വാസിയായിരുന്നു. പിന്നീട് അദ്ദേഹം വിവാഹം ചെയ്തത് ക്രിസ്ത്യാനിയെ ആയിരുന്നു. പലരും അദ്ദേഹത്തിന്റെ പുതിയ വിശ്വാസത്തെ എതിര്‍ക്കുന്നു. ജോലി സ്ഥലത്ത് ചിലര്‍ അദ്ദേഹത്തെ കള്ളക്കേസുകളില്‍ കുടുക്കി പ്രൊമേഷന് തടസ്സപ്പെടുത്തുവാനും ശ്രമിച്ചു-ഫാ. അജയ് വെളിപ്പെടുത്തി.
എന്നാല്‍, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സുവിശേഷം പ്രസംഗിക്കുവാനും തന്റെ സാക്ഷ്യം പങ്കുവെങ്കുവാനും സാഗര്‍ തീരുമാനിച്ചു. 'ഞാന്‍ ഈശോയെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ പിന്നെ ആര് പറയുമെന്നാണ് അദ്ദേഹം തന്നോട് ചോദിച്ചതെന്ന് ഫാ. അജയ് പറയുന്നു. താന്‍ ഒരു സന്ദേശവാഹകനായി മാറി മറ്റുള്ളവര്‍ക്കൂടി തന്നെപ്പോലെ ക്രിസ്തുവിനെ അറിയണം എന്നാണ് തന്റെ ആഗ്രഹമെന്ന് സാഗര്‍ കരുതുന്നു. (Courtsey: catholiconnect.in)
Send your feedback to : onlinekeralacatholic@gmail.com