പെസഹാ, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണം: കെ.സി.ബി.സി.
ജോര്‍ജ് കൊമ്മറ്റം - മാർച്ച് 2026
ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹ വ്യാഴവും ഈസ്റ്റര്‍ ഞായറും അഖിലേന്ത്യ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെ.സി.ബി.സി. ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപ്പരീക്ഷകള് നടത്തുന്നത്, ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന നല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി.
പലപ്പോഴും ആവര്‍ത്തിക്കപ്പടുന്ന ഈ പ്രവണത ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്യന്മേലുളള കടന്നുകയറ്റമാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അധികാരികള്‍ക്കും കത്തയക്കുമെന്നും കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ അറിയിച്ചു.
പെസഹാ ഈസ്റ്റര്‍ ദിനങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ തീരുമാനിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നു കത്തോലിക്ക കോണ്‍ഗ്രസ്. സര്‍ക്കാര്‍ അനുവാദമില്ലാതെ ഇത് നടക്കില്ല. ഓശാന തിരുനാളിന് ഇലക്ഷന് കമ്മീഷന് നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്. മതസ്വാതന്ത്യം എന്നത് കടലാസിലും വര്‍ത്തമാനത്തിലും ഒതുക്കേണ്ടതല്ല. തിരുന്നാള്‍ ദിനങ്ങളില്‍ പലവിധ മാര്‍ഗങ്ങളിലൂടെ നടത്തുന്ന ആരാധനാ നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്‍പ്പിക്കുന്നതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ മതവിശ്വാസത്തെയും ആത്മീയ ആവശ്യങ്ങലെയും പൂര്‍ണമായി അവഗണിച്ചാണ് ഇത്തരം തീരുമാനം എടുത്തതെന്നും പരീക്ഷ തിയതി പുനപരിശോധിച്ച് മറ്റൊരു അനുയോജ്യമായ ദിവസത്തേക്ക് മാറ്റണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിജോ ഇടയാടിയില്‍ ആവശ്യപ്പെട്ടു.
Send your feedback to : onlinekeralacatholic@gmail.com