കേരള സഭയിലെ ദിവ്യകാരുണ്യാത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചു
ഷേര്‍ളി മാണി - മെയ് 2025
ഈശോ തിരുവോസ്തിയിലെ തന്റെ സാന്നിധ്യം വെളിപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ ദിവ്യകാരുണ്യാത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചു.
കണ്ണൂര്‍ ജീല്ലയിലെ വിളക്കന്നൂരില്‍ 12 വര്‍ഷം മുമ്പ് ദിവ്യബലി മധ്യേ തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ മുഖം തെളിഞ്ഞ അത്ഭുതമാമ് വത്തിക്കാന്‍ ഒദ്യോഗികമായി അംഗീകരിച്ചത്.
2025 മെയ് 9 ന് തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ജോസഫ് പാംബ്ലാനി ഇന്ത്യയിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ഈ ദിവ്യകാരുണ്യാത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതായി തന്നെ അറിയിച്ചുവെന്ന് വെളിപ്പെടുത്തി. വിളക്കന്നൂരിലെ ക്രൈസ്റ്റ് ദ കിംഗ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ആര്‍ച്ചുബിഷപ് വത്തിക്കാന്‍ അംഗീകരിച്ച വിവരം ഔദ്യോഗികമായി സ്ഥീരികരിച്ചത്.
2013 നവംബര്‍ 15 നായിരുന്നു അത്ഭുതം നടന്നത്. വിളക്കന്നൂര്‍ ദേവാലയത്തിലെ വികാരിയായി ഫാ. തോമസ് പുളിക്കല്‍ രാവിലെ ദിവ്യബലിയര്പ്പിച്ചുകൊണ്ടിരിക്കെയായിരുന്നു തിരുവോസ്തിയില്‍ ഈശോയുടെ രൂപം തെളിഞ്ഞുവന്നത്. തിരുവോസ്തി ഉയര്‍ത്തിയപ്പോള്‍ അതില്‍ ആദ്യം ചെറിയ ഒരു സ്പോട്ട് അദ്ദേഹം ശ്രദ്ധിച്ചു. പിന്നാലെ, ആ സ്പോട്ട് കൂടുതല്‍ വലുതാവുകയും കുടുതല്‍ തെളിഞ്ഞ് ക്രിസ്തുവിന്റെ രൂപമായി മാറുകയുമായിരുന്നു.
പുരോഹിതന് ആ തിരുവോസ്തി മാറ്റി വെച്ച് മറ്റൊരു തിരുവോസ്തി സക്രാരിയില്നിന്നെടുത്ത് ദിവ്യബലി പൂര്‍ത്തിയാക്കുകയായിരുന്നു.
കുര്‍ബാനയ്ക്ക് ശേഷം വികാരിയച്ചന് ആ തിരുവോസ്തി സാക്രിസ്റ്റിയനെ കാണിച്ചു. അതിലെ ക്രിസ്തുവിന്റെ രൂപം അദ്ദേഹവും തിരിച്ചറിഞ്ഞു. അതിനുശേഷം വികാരിയച്ചന് ആ തിരുവോസ്തി അരുളിക്കയിലാക്കി അള്‍ത്താരയില്‍ പൊതുദര്‍ശനത്തിനായി പ്രതിഷ്ഠിച്ചു. പിന്നീട് ആര്‍ച്ചുബിഷപ് ജോര്‍ജ് വലിയമറ്റം നിര്‍ദ്ദേശിച്ചതനുസരിച്ച് ദിവ്യകാരുണ്യം സക്രാരിയിലേക്ക് മാറ്റി. മൂന്നുദിവസം വിളക്കന്നൂര്‍ ദേവാലയത്തില്‍ തിരുവോസ്തി പ്രദര്‍ശിപ്പിച്ചിരുന്നു.
ഇടവകസമൂഹം നവംബര്‍ മാസത്തില്‍ ക്രിസ്തുവിന്റെ രാജത്വത്തിരുന്നാളിനായി ഒരുങ്ങിക്കൊണ്ടിരിക്കേയായിരുന്നു സംഭവം നടന്നത്. ദിവ്യകാരുണ്യാത്ഭുതത്തിന്റെ വാര്‍ത്ത പരന്നതോടുകൂടി ആയിരക്കണക്കിനാളുകള്‍ വിളക്കന്നൂര്‍ ദേവാലയത്തിലേക്ക് പ്രവഹിച്ചു.
അതേത്തുടര്‍ന്ന് അതിരൂപത ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. അവര്‍ തിരുവോസ്തി അരമനയിലേക്ക് കൊണ്ടുപോയി. 2020 ല്‍ ഇത് ദിവ്യകാരുണ്യാത്ഭുതമാണോ എന്ന് വിശദമായി പഠിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി അപ്പേസ്തോലിക് ന്യൂണ്ഷ്യോേ വഴി റോമിലേക്ക് കൊണ്ടുപോയി.
കത്തോലിക്ക സഭ ഇത്തരത്തിലുള്ള അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ എടുത്തുചാടി അതിനെ അത്ഭുതമായി അംഗീകരിക്കാറില്ല. ഓരോ ദിവ്യകാരുണ്യാത്ഭുതവും അംഗീകരിക്കപ്പെടുന്നതിന് മുമ്പ് സഭയക്ക് അതിന്റേതായ നടപടിക്രമങ്ങളും പഠനങ്ങളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ദിവ്യബലിയെ ചൊല്ലി തെരുവിലും സോഷ്യല്‍ മീഡിയയിലും പരസ്പരം പോരടിക്കുന്ന കേരളത്തിലെ കത്തോലിക്കരുടെ കണ്ണുതുറപ്പിക്കാന്‍ തിരുവോസ്തിയില്‍ ക്രിസ്തു തന്റെ സാന്നിധ്യം വെളിപ്പെടുത്തിയ ഈ ദിവ്യകാരുണ്യാത്ഭുത്തതിന് സാധിച്ചേക്കുമെന്ന് കരുതപ്പെടുന്നു.
Send your feedback to : onlinekeralacatholic@gmail.com