പ്രതിസന്ധികളിലും കഷ്ടതയുടെ കാലങ്ങളിലും കൈപിടിക്കാന്‍  യൗസേപ്പിതാവ്
                                            ഷേര്‍ളി മാണി -  മാർച്ച് 2020 
                                             												 
                                                
												
												
ഉണ്ണിയേശുവിന്റെ പിതാവും പരി. കന്യാമറിയതത്തിന്റെ ഭര്‍ത്താവുമായ വി. ജോസഫ്. കത്തോലിക്കസഭ കണ്ട വിശുദ്ധന്മാരില് വിശുദ്ധന്. ദൈവം തന്റെ കൃപാവരങ്ങള്‍ വാരിചൊരിഞ്ഞ ദൈവത്തിന്റെ പ്രിയ ദാസന്. ഇത്രയേറെ പരിചിതനും രക്ഷാകര സംഭവങ്ങളിലെ നിരന്തര സാന്നിധ്യവുമായ വി. യൗസേപ്പിതാവിനെപ്പറ്റി നമുക്ക് അധികമൊന്നും അറിയില്ല. കാരണം സുവിശേഷങ്ങളുടെ ആദ്യഭാഗങ്ങളിലല്ലാതെ അദ്ദേഹത്തെക്കുറിച്ച് പ്രത്യേക പരമാര്‍ശങ്ങളൊന്നുമില്ല. എങ്കിലും ദൈവം തന്റെ സ്വപുത്രനെ പോറ്റിവളര്‍ത്തുവാന്‍ തിരഞ്ഞെടുത്ത വി. ജോസഫ് സര്‍വ്വനന്മകളുടെയും വിളനിലമായിരുന്നു. കാരണം ഓരോരുത്തരുടെയും ജീവിതാവസ്ഥയക്ക്നുസരിച്ച് ദൈവം അവര്‍ക്ക് കൃപ വാരിക്കോരിക്കൊടുക്കുമെന്ന് വി. അക്വീനാസ് പറയുന്നു. അങ്ങനെയങ്കില്‍ യേശുവിന്റെ വളര്‍ത്തച്ചനും സ്വര്ലോകരാജ്ഞിയുമായ പരി. കന്യാമറിയത്തിന്റെ പ്രിയതമനുമായ വി. യൗസേപ്പിതാവിനെ ദൈവം എത്രമാത്രം അലങ്കരിച്ചിട്ടുണ്ടാകും. വി. ജോസഫിനെപ്പോലെ പരിചിതനും അതേസമയം അറിയപ്പെടാത്തവനുമായ ഒരു വിശുദ്ധന് കത്തോലിക്കസഭാ ചരിത്രത്തിലുണ്ടാകില്ല.  
ലോകത്തില്‍ ലക്ഷക്കണക്കിനു ക്രൈസ്തവര്‍ യൗസേപ്പിതാവിന്റെ നാമധാരികളാണ്. എങ്കിലും ക്രൈസ്തവര്‍ക്ക് വി. ജോസഫിനെക്കുറിച്ചുള്ള അറിവ് തുലോം പരിമിതമാണ്. സുവിശേഷങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് അധികം സംസാരിക്കുന്നില്ല. മാത്രമല്ല, തിരുക്കുടുംബതതിലെ ഒരു നിശബ്ദ പങ്കാളിയായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. കര്‍മ്മനിരതനായ ഒരു വ്യക്തിയായും സ്വപ്നങ്ങള്‍ കാണുന്ന വ്യക്തിയായും  സ്വന്തം മകനെയും ഭാര്യയെയും നല്ലതുപോലെ പരിചരിക്കുന്ന വ്യക്തിയായും നാം അദ്ദേഹത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് കാണുന്നു. പിന്നീട് പുതിയനിയമത്തില്‍ നിന്ന് അദ്ദേഹം ആരുമറിയാതെ അപ്രത്യക്ഷമാകുന്നു. സുവിശേഷകാരന്മാര്‍ അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും പറയുന്നുമില്ല. അതുകൊണ്ടുതന്നെ ക്രൈസ്തവസഭയുടെ  പിതൃരൂപമായി നിലകൊള്ളുന്ന അദ്ദേഹം ഒരേ സമയം പരസ്യവും രഹസ്യവുമാണ്. എങ്കിലും നാളുകള്‍ കഴിയുംന്തോറും വി. ജോസഫിന്റെ ജീവിതം ഓരോ ക്രൈസ്തവനും  ഒരേ സമയം മാതൃകയും പ്രചോദനവുമായി മാറുന്നു. 
മാര്‍ച്ച്  യൗസേപ്പിതാവിനെക്കുറിച്ച് കൂടുതല്‍ ധ്യാനിക്കുവാനുള്ള കാലമാണ്.  അദ്ദേഹത്തിന്റെ ജീവിതം എന്നും കാലികപ്രസക്തമാണ്. സഭ അദ്ദേഹത്തെ തൊഴിലാളികളുടെ മദ്ധ്യസ്ഥന്‍, കുടുംബനാഥന്മാരുടെ മദ്ധ്യസ്ഥന്‍, നല്ല മരണത്തിന്റെ മദ്ധ്യസ്ഥന്‍ എന്നിങ്ങനെ പലവിധ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി നമുക്ക് നല്കുന്നു.  യേശുവിന്റെയും പരി. അമ്മയുടെയും മടിയില്കിടന്നുകൊണ്ട് ഇഹലോകവാസം വെടിയുവാന്‍ അപൂര്‍വ്വമായ ഭാഗ്യം ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തെ സഭ നല്ല മരണത്തിന്റെ മദ്ധ്യസ്ഥനായി കണക്കാക്കുന്നത്. ഇന്ന് അനേകം ലക്ഷം കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികളിലൂടെ അവര്‍ക്കുമുമ്പേ കടന്നുപോയ വ്യക്തിയാണ് യഥാര്‍ത്ഥ കുടുംബനാഥനായ വി. ജോസഫ്. സഹനങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക്, ഇരുളടഞ്ഞ ഭാവിയിലേക്ക് ആകുലതയോടെ നോക്കുന്ന കുടുംബനാഥന്മാര്ക്ക്, മതപീഡനങ്ങളില്‍ പലായനം ചെയ്യപ്പെടേണ്ടിവരുന്നവര്ക്ക്, രാഷ്ട്രീയ കാരണങ്ങളാല്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കുടിയേറപ്പെടുന്നവര്ക്ക്... കൈയെത്തും ദൂരെ അദ്ദേഹമുണ്ട്.  
വി. ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ദ ഗാര്ഡിയന് ഓഫ് ദ റെഡീമര്‍ എന്ന അപ്പസ്തോലിക ലേഖനത്തില്‍ വി. ജോസഫിനെ വിശേഷിപ്പിക്കുന്നത് നീതിമാനായ മനുഷ്യന് എന്നാണ്. അതിനര്‍ത്ഥം അദ്ദേഹം വിശുദ്ധനും സത്യസന്ധനും നീതിനിഷ്ഠനും പുണ്യചരിതനുമായിരുന്നുവെന്നാണ്. സഭയുടെ വേദപാരംഗതന്മാര് പറയുന്നത് ദൈവം വി. ജോസഫിന് നല്‍കാത്ത ഒരു കൃപയും മറ്റൊരു വിശുദ്ധനും നല്‍കിയിട്ടില്ല എന്നാണ് (പരി. അമ്മയ്ക്കൊഴികെ).  
 
അനുസരണയുടെ മനുഷ്യന്-ദൈവഹിതത്തിന് പൂര്‍ണമായും കീഴടങ്ങിയ വ്യക്തിയായിരുന്നു വി. യൗസേപ്പ്. ദൈവദൂതന് അദ്ദേഹത്തോട്  പറഞ്ഞു: മേരിയെ ഭാര്യയായി സ്വീകരിക്കുവാന്‍ നീ ഭയപ്പെടേണ്ട. അത് ദൈവത്തിന്റെ ഹിതമാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മേരിയെ ഉപേക്ഷിക്കുകയല്ല,  ദൈവഹിതത്തിനുമുമ്പില് സ്വന്തം അഭിമാനം ഉപേക്ഷിക്കുയാണ് അദ്ദേഹം ചെയ്തത്. ദൈവം ഭരമേല്പിച്ച പുത്രന് ഏറ്റവും നല്ല വളര്‍ത്തച്ഛനായി മാറി ആ തച്ചന്. 
നിശബ്ദതയുടെ മനുഷ്യന്- കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ നിറവേറ്റിയപ്പോഴും ക്രിസ്തുവിന്റെ വളര്ത്തച്ഛന് എന്ന പേരില്‍ അദ്ദേഹം വലിയ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ബൈബിളില്‍ ഒരു സ്ഥലത്തും  ജോസഫ് പറയുന്ന വാക്കുകള്‍ നാം കേള്‍ക്കുന്നില്ല. കാരണം, നിശബ്ദമായി ജോലി ചെയ്ത് കുടുംബം നോക്കി നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. 
യാത്രയുടെ മനുഷ്യന്-ജോസഫ് ഒരു യാത്രയുടെ മനുഷ്യനായിരുന്നു.  മുന്ന് യാത്രകള്‍ അദ്ദേഹം നടത്തിയതായി സുവിശേഷത്തില്‍ കാണുന്നു. ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി പേരെഴുതിപ്പിക്കുന്നതിന്  അദ്ദേഹം ഗര്‍ഭിണിയായ  മേരിയുമൊത്ത്  ബെത്ലഹേമിലേക്ക് നടത്തിയ യാത്രയാണ് ആദ്യത്തെ യാത്ര.  ഭൂജാതനായ ഉണ്ണിയേശുവിനെയും കൊണ്ട് ബെത്ലേഹേമില്‍ നിന്നും ഈജിപ്തിലേക്ക് നടത്തുന്ന പലായനമാണ് രണ്ടാമത്തെ യാത്ര. പിന്നീട് ജറുസലേം ദേവലയത്തില്‍ പെസഹാത്തിരുന്നാളില്‍ പങ്കെടുക്കാന്‍ ഉണ്ണിയേശുവിനും മേരിക്കുമൊപ്പം നടത്തിയ യാത്രയാണ് മൂന്നാമത്തെ യാത്ര. തിരുവെഴുത്തുകള്‍ പൂര്‍ത്തികരിക്കുന്നതിനുള്ള യാത്രയിലായിരുന്നു അദ്ദേഹം നിരന്തരം.  ദൈവതിരുമനസ്സ് പൂര്‍ത്തിയാക്കുന്നതിനായി വളരെയേറെ ദൂരം അദ്ദേഹത്തിന് സഞ്ചരിക്കേണ്ടിവന്നുവെന്ന് നമുക്ക് കാണാം. ആദ്യജാതരെ നിഗ്രഹിക്കാനെത്തുന്ന ഹെറോദോസിന്റെ പട്ടാളക്കാരില്‍ നിന്നും  സ്വപുത്രനെ രക്ഷിക്കുവാനായി 200 കിലോമീറ്ററിലധികം ദൂരം പലായനം ചെയ്യുന്ന വി. ജോസഫിന്റെ രൂപം ആര്‍ക്കാണ് മറക്കാനാകുക. 
ചരിത്രങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത മനുഷ്യന് പരസ്പരം ശത്രുക്കളായി മാറുമ്പോള്‍, പലായനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്നും മതപീഡനങ്ങള്ക്കൊണ്ട് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പലയാനം ചെയ്തുകൊണ്ടിരിക്കുന്നത്.  ശിശുക്കള്‍ കൊല്ലപ്പെടുന്നു. ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നു. ക്രൈസ്തവര്‍ വധിക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ മരണത്തിന്റെ താഴ്വരയിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ ശവമഞ്ചങ്ങളും താങ്ങിപ്പോകുന്ന പിതാക്കന്മാരുടെ കണ്ണീരണിഞ്ഞ മുഖങ്ങള്‍. കണ്ണീരും വാക്കുകളും മരവിച്ചുപോയ അമ്മമാരുടെ മുഖങ്ങള്‍. ഇതെല്ലാം ബെത്ലഹേമിലെ തിരുകുടുംബത്തിന്റെ ഇന്നത്തെ പതിപ്പുകളാണ്. വി. ജോസഫ് അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും മദ്ധ്യസ്ഥനാണ്.  ദൈവഹിതത്തിന് പൂര്‍ണമായും സമര്‍പ്പിച്ചതുകൊണ്ടാണ്  സഹനങ്ങളില്‍ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാനായത്. ബുദ്ധിമുട്ടുകളിലും ജീവിതപ്രതിസന്ധികളിലും വി. ജോസഫ് അനുകരണീയമായ മാതൃകയാണ് നമുക്ക് നല്‍കുന്നത്.
പകര്‍ച്ചവ്യാധികളുടെയും മഹാമാരികളുടെയും കാലത്ത് വി. യൗസേപ്പിന്റെ സംരക്ഷണത്തിനായി സ്വയം സമര്‍പ്പിക്കുന്ന പാരമ്പര്യം സഭയില്‍ നിലനിന്നിരുന്നു. യുറോപ്പില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത് അനേകം ക്രൈസ്തവര്‍ വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം തേടിയിരുന്നു. ലിയോണ്‍സ്, അവേന്സണ് തുടങ്ങിയ നഗരവാസികള്‍ അവരുടെ ജീവിതം  വി. യൗസേപ്പിതാവിന് അടിമവെച്ച് പ്രാര്‍ത്ഥിക്കുകയും മഹാമാരിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തുവെന്ന്  ദ ഗ്ലോറീസ് ഓഫ് ദ കാത്തലിക് ചര്‍ച്ച് എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 
                                                 Send your feedback to : onlinekeralacatholic@gmail.com