പോപ്പ് ലിയോ പതിനാലാമന്‍ ഇനി പത്രോസിന്റെ പിന്‍ഗാമി
ജോര്‍ജ് കൊമ്മറ്റം - മെയ് 2025
ആഗോള കത്തോലിക്കസഭയുടെ 267-ാം മാര്‍പാപ്പയായി ഇനി കര്‍ദ്ദിനാള്‍ റോബര്‍ട്ട് ് ഫ്രാന്‍സിസ് പ്രൊവോസ്ത്. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് പത്രോസിന്റെ 267-മാത്തെ പിന്‍ഗാമിയായി. സഭയുടെ ചരിത്രത്തില്‍ സമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ എന്ന മാര്‍പാപ്പയുടെ പേര് സ്വീകരിച്ച് അദ്ദേഹം തന്റെ നയം വ്യക്തമാക്കി.
സമാധാനം നമ്മോടു കൂടെ എന്നതായിരുു അദ്ദേഹത്തിന്റെ ആദ്യത്തെ വചനങ്ങള്‍. ലാളിത്യമുള്ള പുഞ്ചിരിയും ആത്മവിശ്വാസമുള്ള മുഖഭാവവും ഇനി കത്തോലിക്കസഭയ്ക്ക് പുതിയ മുഖം നല്‍കും. ദരിദ്രര്‍ക്കായുള്ള സഭ എന്ന ദര്‍ശനത്തിന്റെ വാക്താവും ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ സഭ മുന്നോട്ടുപോകണമെന്ന നിലപാടുമുള്ള ദാര്‍ശനികനാണ് പുതിയ ഇടയന്. വിശുദ്ധ അഗ്സ്തിനോസിന്റെ ആത്മീയപാത പിന്തുടരുന്ന അഗസ്തീനിയന്‍ സഭയുടെ പുത്രന് എന്നാണ് അദ്ദേഹം തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം യു.എസില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ്.
രണ്ടുവര്‍ഷം മുമ്പായിരുു അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാളായി വാഴിച്ചത്. യു.എസില്‍ ജനിച്ചെങ്കിലും പെറുവില്‍ മിഷണറിയായിയും വൈദികനായും ബിഷപ്പായും പ്രവര്‍ത്തിച്ച ആടുകളുടെ മണമുള്ള ഇടയനെയാണ് പരിശുദ്ധാത്മാവ് പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മാധ്യമങ്ങളും പ്രവചനക്കാരുമൊന്നും മുന്നോട്ടുവെച്ച സാധ്യതാലിസ്റ്റുകളിലൊന്നും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല.
കത്തോലിക്കരുടെ ആത്മീയാചാര്യനാണെങ്കിലും പുതിയ മാര്‍പാപ്പയെ കാത്തിരിക്കുന്നത് രണ്ട് ദൗത്യങ്ങളാണ്. ഒന്ന് ക്രിസ്തുവിന്റെ വിളക്കാവുക. രണ്ട് ലോകത്തിന് വെളിച്ചമേകുക. ക്രിസ്തുവിന്റെ കുഞ്ഞാടുകളെ ആത്മീയചൈതന്യത്തിലും വിശ്വാസതീക്ഷണതയിലും നിറച്ച് ക്രിസ്തുവിലേക്ക് നയിക്കുക. അതോടൊപ്പം തന്നെ നന്മയെ നന്മയെും തിന്മയെ തിന്മയെന്നും വിളിക്കുന്ന ലോകത്തിന്റെ ഒരേയൊരു ധാര്‍മ്മിക ശബ്ദമാവുക. ഈ രണ്ട് ദൗത്യങ്ങളിലും അനിതരസാധാരണമായ വിധം വ്യക്തിമുദ്ര പതിപ്പിച്ചു കടന്നുപോയ തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തൊട്ടടുത്ത പിന്‍ഗാമിയാകുവാനുള്ള അസുലഭ ഭാഗ്യമാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ലഭിച്ചിരിക്കുന്നത്. സഭ അകത്തുനിന്നും പുറത്തുനിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് കത്തോലിക്കസഭയെ ലക്ഷ്യത്തിലേക്ക് തുഴഞ്ഞടുപ്പിക്കുവാനും ലോകത്തെ ക്രിസ്തുവിന്റെ സുവിശേഷത്തിലേക്ക് കൊണ്ടുവരുവാനും അദ്ദേഹത്തിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ ലളിത ജീവിതത്തിനും പാവങ്ങളോടുള്ള കരുതലിനും മുന്‍ഗണന നല്കുന്ന പോപ്പായിരിക്കും അദ്ദേഹവും.
1955 സെപ്തംബര്‍ 14 ന് അമേരിക്കയിലെ ഷിക്കാഗോയില്‍ ജനനം. മാത്തമാറ്റിക്സിലും തത്വശാസ്ത്രത്തിലും ബിരുദം. 1977 ല്‍ വി. അഗസ്തീനോസിന്റെ ആത്മീയതയില്‍ ആകൃഷ്ടനായ അദ്ദേഹം അഗസ്തീനിയന്‍ സഭയുടെ നൊവിഷ്യേറ്റില്‍ പ്രവേശിച്ചു, സന്യാസവസ്ത്രം സ്വീകരിച്ചു. പിന്നീട് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രപഠനം. കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ്. ഉന്നത യോഗ്യതകളെക്കാള്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് പെറുവിലെ സാധാരണക്കാര്‍ക്കിടയിലെ അദ്ദേഹത്തിന്റെ ജീവിതവും മിഷന് പ്രവര്‍ത്തനങ്ങളുമാണ്. സഭയുടെ അടിത്തട്ടിലുള്ള പാവപ്പെട്ടവരുടെയും സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും വിചാരവികാരങ്ങളെ തൊട്ടറിയുന്ന ഇടയനാണ് അദ്ദേഹം. പെറുവിലായിരിക്കുമ്പോള് സ്വന്തമായി ഒരു ഇടവക സ്ഥാപിക്കുവാനും അദ്ദേഹത്ിതന് ദൈവം അവസരമൊരുക്കിയിരുന്നു.
1982 ല്‍ 27-ാം വയസില്‍ വൈദികനായി. 2001ല്‍ അദ്ദേഹത്തെ പെറുവിലെ ട്രൂജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. അവിടെ അദ്ദേഹം ദാരിദ്ര്യത്തിനും അനീതിക്കുമെതിരെ ശക്തമായ നിലപാടെടുത്തു.അവിടുത്തെ സഭയുടെ സാമൂഹിക, ആത്മീയ വെല്ലുവിളികള്‍ നേരിട്ടനുഭവിച്ച അദ്ദേഹം ദരിദ്രര്‍ക്കായുള്ള സഭ എന്ന ദര്‍ശനത്തിന്റെ വക്താവായി. 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വത്തിക്കാനിലെ ഡയകാസ്റ്ററി ഫോര്‍ ക്ലെര്‍ജിയുടെ മെംബറായും, 2023 ല്‍ ഡയകാസ്റ്ററി ഫോര്‍ ബിഷപ്സ് -ന്റെ തലവനായും നിയമിച്ചു. ലോകമെങ്ങുമുള്ള ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്ന പ്രക്രീയയില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. മറ്റുള്ളവരെ കേള്‍ക്കുവാനും പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരങ്ങള്‍ നിര്ദ്ദേശിക്കുവനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പൊതുവേ ശ്രദ്ധിക്കപ്പെട്ടു.
2023 ല്‍ അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാള്‍ എന്ന് വിളിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം പത്രോസിന്റെ പിന്ഗാമിയായും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കൂടാതെ, സെന്റ് അഗസ്റ്റീനിയന്‍ സഭയുടെ പ്രയോര്‍ ജനറാളായി അദ്ദേഹം 12 വര്‍ഷം കോണ്‍ഗ്രിഗേഷനെ നയിച്ചു. പെറുവില്‍ മിഷനറി, പള്ളിവികാരി, അധ്യാപകന്, ബിഷപ് എന്നീ നിലകളില്‍ അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. പെറുവിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച്, ദരിദ്രരായ ഗ്രാമവാസികള്‍ക്കൊപ്പം ജീവിച്ച്, അവരുടെ പാത്രങ്ങളില്‍ നിന്നും ഭക്ഷിച്ച് അജഗണങ്ങളുടെ ചൂരും ചൂടും നേരിട്ടറിഞ്ഞ ആ മെത്രനെ ജനങ്ങള്‍ വിശേഷിപ്പിച്ചിരുന്നത് പാവങ്ങളുടെ മെത്രാന് എന്നായിരുന്നു.
മിതഭാഷിയായി അറിയപ്പെടുന്ന പുതിയ പാപ്പയക്ക് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനറിയാം. സാങ്കേതിക വിദ്യയിലും സോഷ്യല്‍ മീഡിയയിലും സജീവമായ അദ്ദേഹം സഭയെ ആധുനിക നൂറ്റാണ്ടില്‍ പുരോഗതിയിലേക്ക് നയിക്കട്ടെ.
Send your feedback to : onlinekeralacatholic@gmail.com