പുതിയ മാര്‍പാപ്പയ്ക്കുള്ള കുപ്പായവും റെഡിയാക്കി കാത്തിരിക്കുന്ന മാര്‍പാപ്പമാരുടെ തയ്യല്ക്കാരന്
ജോര്‍ജ് കൊമ്മറ്റം - മെയ് 2025
സെന്റ് പീറ്റേര്‍സ് ബസിലിക്കയുടെ തൊട്ടടുത്തുള്ള ബോര്‍ഗോ പിയോ നഗരത്തിലെ ഒരു കുടുസുമുറിയില്‍ 86 കാരനായ റെനീരോ മാന്‍സിനെല്ലി പുതിയ മാര്‍പാപ്പയ്ക്കുള്ള കുപ്പായം തുന്നുന്ന തിരക്കിലായിരുന്നു. കാരണം കോണ്‍ക്ലേവ് തുടങ്ങും മുമ്പ് അത് കൈമാറണം. അതാണ് പാരമ്പര്യം. ബോര്‍ഗോ പിയോ നഗരത്തിലെ ചെറിയ ഒരു മുറിയില്‍ രണ്ട് ടേബിളും ഒരു തയ്യല്‍ മെഷീനും ഒരു അയേണ്‍ ബോക്സും മാത്രമാണ് മാര്‍പാപ്പയുടെ ടെയ്ലര് എന്നറിയപ്പെടുന്ന മാന്സിനെല്ലിയുടെ സ്ഥാവരജംഗമവസ്തുക്കള്‍. തയ്യല്‍ മെഷീന് അദ്ദേഹത്തെക്കാളും പ്രായം തോന്നിക്കും. പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന കര്‍ദ്ദിനാള്‍ റൂം ഓഫ് ടീയേര്സ് അഥവാ കണ്ണീരിന്റെ മുറിയില്‍ കയറി പുറത്തേക്കിറങ്ങുക മാന്‍സിനെല്ലി തയ്യിച്ചു കൊടുത്ത കുപ്പായമിട്ടായിരിക്കും. അതുതന്നെയാണ് കഴിഞ്ഞ 70 വര്‍ഷത്തെ പതിവ്.
മാര്‍പാപ്പ ആരായാലും വേണ്ടില്ല. കുപ്പായം മാന്സിനെല്ലിയുടേതായിരിക്കും. പുതിയ മാര്‍പാപ്പയെ ധരിപ്പിക്കുവാനായി 50, 54, 58 ഇച്ചുകളിലായി മൂന്ന് കുപ്പായങ്ങള്‍ റെഡിയാക്കിക്കഴിഞ്ഞുവെന്നും അത് കോണ്‍ക്ലേവ് തുടങ്ങുന്നതിനുമുമ്പ് കര്‍ദ്ദിനാള്‍മാരെ ഏല്പിക്കുമെന്നും അത് തന്റെ ഗിഫ്റ്റായിരിക്കുമെന്നും മാന്‍സിനെല്ലി പറയുന്നു.
മാന്‍സിനെല്ലി ചില്ലറക്കാരനല്ല. കഴിഞ്ഞ 70 വര്‍ഷമായി അദ്ദേഹം മാര്‍പാപ്പമാരുടെ തുന്നല്‍ക്കാരനാണ്. പിതാവിനൊപ്പം 15 ാമത്തെ വയസ്സില്‍ തുടങ്ങിയതാണ് അദ്ദേഹം ഈ പണി. ഇത് പരമ്പരാഗതമായി കൈമാറിപ്പോരുന്ന ജോലിയാണ്. ഇപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ തന്റെ മകളും പേരക്കുട്ടി ലോറന്‍സോയും കൂടെയുണ്ട്. അവന് 23 വയസ്സുണ്ട്.
ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്കും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കും ഒക്കെ കുപ്പായം തയ്ച്ചിട്ടുണ്ടെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹത്തിന് ആഴമായ ആത്മബന്ധമുണ്ടായിരുന്നു. അദ്ദേഹം വളരെ സന്തോഷവാനും സൗഹൃദമനസുള്ളയാളുുമായിരുന്നു. അദ്ദേഹം മാര്പാപ്പയാകുന്നതിനും മുമ്പേയുള്ള സുഹൃത്ബന്ധമായിരുന്ന ഞങ്ങളുടേത്. ഞങ്ങള്‍ ആജീവനാന്ത സുഹൃത്തുക്കളായിരുന്നു. അദ്ദേഹം എന്നെ സുഹൃത്തായി തിരഞ്ഞെടുക്കുകയായിരുന്നു, മാന്‍സിനെല്ലി അനുസ്മരിക്കുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തന്റെ കുപ്പായം വളരെ ലളിതമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വിലയുള്ള തുണി അദ്ദേഹത്തിന് ഒട്ടും ഇഷ്ടമില്ലായിരുന്നു. ഏതായാലും പുതിയ മാര്‍പാപ്പയുടെയും തുന്നല്‍ക്കാരനായി തുടര്‍ന്നുപോകാം എന്ന പ്രതീക്ഷയിലാണ് മാന്‍സിനെല്ലി. (കടപ്പാട്: നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍).
Send your feedback to : onlinekeralacatholic@gmail.com