വാട്ട് എ വണ്ടര്ഫുള് ഐഡിയ:
ആംബുലന്‍സ് കുമ്പസാരക്കൂടാക്കി വൈദികന്
ജോര്‍ജ് കൊമ്മറ്റം - ഡിസംബര്‍ 2023
ഒരു ദിവസം ഹോസ്പിറ്റല്‍ മിനിസ്ട്രിയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്ന അത്യാസന്ന നിലയിലുള്ള രോഗികളെയുമായി ആസ്പത്രികളിലേക്കെത്തുന്ന ആംബുലന്‍സുകള്‍ മൈക്കിള്‍ ഷാംപെയിന് എന്ന വൈദികന്റെ ശ്രദ്ധയില്‍പെട്ടത്. അതിന് മുമ്പ് കണ്ടിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിച്ചിരുന്നില്ല. അതില്‍ എഴുതിയിരിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ട്രാന്‍സ്പോര്‍ട്ട് എന്ന വാക്കുകള്‍ അദ്ദേഹത്തിന്റെ മനസ്സിലുടക്കി. ശരീരത്തെ രക്ഷിക്കാന്‍ ഇത്ര വലിയ തത്രപ്പാടാണെങ്കില് ആത്മാവിനെ രക്ഷിക്കുവാന്‍ എന്തുകൊണ്ട് ഇങ്ങനെയൊരു റിസ്ക് എടുത്തുകൂടാ അദ്ദേഹം ചിന്തിച്ചു. അത്യാസന്ന നിലയിലായ ആത്മാക്കളെ രക്ഷിക്കാന്‍ ഇതുപോലൊരു സംവിധാനമൊരുക്കണമെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചു.
കുമ്പസാരിക്കാന്‍ യുവജനങ്ങളൊന്നും പള്ളിയിലേക്കെത്തുന്നില്ല എന്നതായിരുന്നു എല്ലാ വൈദികരെയും പോലെ അദ്ദേഹത്തെയും ആകുലപ്പെടുത്തിയിരുന്ന ചിന്ത. ഓ ഞാനെന്നാ ചെയ്യാനാ, പുതുതലമുറയക്ക് കുമ്പസാരിക്കേണ്ടങ്കില് വേണ്ട എന്ന് പറഞ്ഞ് ആവൃതിയ്ക്കുള്ളില്‍ കഴിഞ്ഞാല്‍ മതിയായിരുന്നു അദ്ദേഹത്തിന്. ഏതായാലും ആംബുലന്‍സ് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ലഡു പൊട്ടി. അങ്ങനെയിരിക്കുമ്പോഴാണ് മാര്‍പാപ്പ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചത്. കുമ്പസാരം എല്ലാവര്ക്കും സംലഭ്യമാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. പിന്നെ ഫാ. മൈക്കിള്‍ ഒന്നും ആലോചിച്ചില്ല ഇ-ബേയില്‍ നിന്ന് ഒരു പഴയ ആംബുലന്‍സ് വാങ്ങി മോഡിഫൈ ചെയ്തു കുമ്പസാരക്കൂടാക്കി. അതിന്റെ മുന്നില്‍ ഇങ്ങനെ എഴുതി വെച്ചു..സ്പിരിച്വല്‍ കെയര്‍ യൂണിറ്റ്. പിന്നെ അദ്ദേഹം അതുമായി പാപികളെ തേടി ചെന്നു.
പാപം ചെയ്ത് ആത്മാവിനെ അത്യാസന്ന നിലയിലാക്കിയ ആര്‍ക്കും അതില്‍ കയറാം. എനിക്കൊന്നു കുമ്പസാരിക്കണമെന്ന് പറഞ്ഞാല്‍ അച്ചന് റെഡി. പള്ളിയിലെത്തി കുമ്പസാരിക്കാനും പള്ളിയില്‍ പോകാന്‍ സമയമില്ലാത്തവരും കുമ്പസാരക്കൂടു കണ്ടപ്പോള്‍ ആദ്യം മടിച്ചു മടിച്ചു നിന്നു, പിന്നെ ചാടിക്കയറി. ദീര്‍ഘകാലമായി ചുമന്നുകൊണ്ടു നടന്നിരുന്ന പാപഭാരം ഇറക്കി വെച്ചു. കൂളായി തിരികെ പോയി തുടങ്ങി. അങ്ങനെ അമേരിക്കയിലെ ലൂസിയാനയിലെ സെന്റ് മാര്ട്ടിന്വില്ലയിലെ കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ് എന്ന സമൂഹത്തിലെ ഒരച്ചന് തുടങ്ങിവെച്ച മൊബൈല്‍ കുമ്പസാരം സൂപ്പര്‍ ഹിറ്റായി. നവ സുവിശേഷവത്ക്കരണത്തിന് ഇതിലും വലിയൊരു മാതൃക മറ്റെങ്ങും കാണാനും കഴിയില്ല.
പുലിയെ അതിന്റെ മടയില്‍ തന്നെ ചെന്ന് പിടിക്കുക എന്ന തന്ത്രമാണ് അച്ചന് പയറ്റിയത്. പള്ളികളില്‍ വരാനേ ആളുകള്‍ക്ക് സമയമില്ലാത്തതുള്ളു. ഷോപ്പിംഗ് മാളുകളിലും സ്പേര്‍ട്സ് ഫെസ്റ്റുകളിലും, ഹോസ്പിറ്റലുകളിലും, ബാറുകളിലും തിയേറ്ററുകളിലും ഒക്കെ അച്ചന്റെ കുമ്പസാരക്കൂട് കാത്തിരുന്നു. പരിശുദ്ധാത്മാവ് പറയുന്നിടത്തൊക്കെ അദ്ദേഹം തന്റെ കുമ്പസാരക്കൂട് പാര്‍ക്ക് ചെയ്തു. ആദ്യമൊക്കെ പലരും മടിച്ചെങ്കിലും പിന്നെ പതിയെ പതിയെ അതിലേക്ക് കയറിത്തുടങ്ങി. ഒരു വര്‍ഷത്തോളം എത്ര പേരെ ഓരോ ദിവസവും കുമ്പസാരിപ്പിച്ചു എന്ന് കുറിച്ചുവെക്കുമായിരുന്നു. 10000 കഴിഞ്ഞപ്പോള്‍ പിന്നെ അതു വേണ്ടെന്ന് വെച്ചു.
മൊബൈല്‍ കുമ്പസാരക്കൂടിന്റെ ഏറ്റവും വലിയ ഗുണം. ഇവിടെ വന്ന് കുമ്പസാരിച്ച പലരും പിന്നീട് പള്ളികളിലെത്തി കുര്‍ബാനകളിലും പങ്കുകൊള്ളാന്‍ തുടങ്ങി എന്നതാണ്. കുമ്പസാരം മാത്രമല്ല, അച്ചനൊപ്പമുള്ള ഒരു ടീം യുവാക്കളുടെ വിശ്വാസ സംബന്ധമായ സംശയങ്ങളും സഭയോടുള്ള തെറ്റിദ്ധാരണകളുമെല്ലാം അല്പനേരത്തെ സംസാരം കൊണ്ട് മാറ്റിക്കൊടുക്കും.
ഇന്നത്തെ കാലത്ത് സുവിശേഷവത്ക്കരണത്തിന്റെ പഴഞ്ചന്‍ സംവിധാനങ്ങളൊന്നും പോരാ എന്ന് നന്നായി അറിയാവുന്ന ആളാണ് ഫാ. മൈക്കിള്‍. പബ്ലിക് സ്ക്വയറിലെ ഒരു വര്‍ഷം നീളുന്ന ബൈബിള്‍ പാരായണം, യുക്കരിസ്ററിക് ബോട്ട് പ്രൊസഷന്‍ തുടങ്ങിയ നൂതനമായ നവസുവിശേഷവത്കരണ ആശയങ്ങളുടെ കലവറയാണ് അദ്ദേഹം. എന്തിനു പറയുന്നു... ആദ്യം എന്തൊരു മണ്ടന്‍ ആശയം എന്നുപറഞ്ഞവരൊക്കെ ഇപ്പോള്‍ പറയുന്നു സംഗതി കലക്കി. 2015 ല്‍ ആരംഭിച്ച മൊബൈല്‍ കണ്‍ഫെഷന്‍ ഇപ്പോഴും വിജയകരമായി ഓടിക്കൊണ്ടേയിരിക്കുന്നു.
ഈശോ തന്റെ മിനസ്ട്രി അധികവും നടത്തിയത് വഴിക്കവലകളിലും ഇടവഴികളിലുമൊക്കെയായിരുന്നു, ഈശോയുടെ മാതൃകയാണ് താനും പിന്തുടരുന്നത് അദ്ദേഹം പറയുന്നു. സഭ വളരെ വളരെ സെക്കുലറൈസ്ഡ് ആയിക്കഴിഞ്ഞു. ഓഫീസ് ടൈം വെച്ച് ജോലി ചെയ്യുന്നു. ആളുകള്‍ വൈദികരെ തേടി കുമ്പസാരിക്കാന്‍ വരേണ്ട സ്ഥിതിയാണുള്ളത്. എന്നാല്‍ ഈശോ പറഞ്ഞതുപോലെ 99 നെയും സെയ്ഫാക്കി നഷ്ടപ്പെട്ടുപോയ ഒന്നിനെ തേടി പോകാനാണ് തനിക്കിഷ്ടം.
സഭ അതിന്റെ സ്വഭാവത്തില്‍ തന്നെ മിഷണറിയാണ്. എനിക്ക് ദാഹിക്കുന്നുവെന്ന് കുരിശില്‍ കിടന്ന് ക്രിസ്തു നിലവിളിച്ചത് ആത്മാക്കള്ക്കുവേണ്ടിയായിരുന്നു. ആത്മാക്കള്‍ക്കുവേണ്ടിയുള്ള ആ ദാഹം നാം വീണ്ടെടുക്കണം. സ്പിരിച്ല്‍ കെയര്‍ യൂണിറ്റിലൂടെ അനേകര്‍ ക്രിസ്തുവിനെയും സഭയെയും കണ്ടുമുട്ടുന്നു... അവര്‍ക്ക് കൃപ ലഭിക്കുമ്പോള്‍ അവര്‍ അത് മറ്റുള്ളവരിലേക്കും പകരുന്നു. കുമ്പസാരിച്ചിട്ടുപോയവര് പിന്നീട് മറ്റൊരാളെയുമായി മടങ്ങിവരുന്നു...വൈദികര്‍ക്കൊക്കെ തിരക്കാണ്. കുമ്പസാരം കേള്‍ക്കാന്‍ സമയമില്ല.. വൈദികര്‍ കേട്ടില്ലെങ്കില്‍ പിന്നെ ആരു കേള്‍ക്കും...അദ്ദേഹം ചോദിക്കുന്നു. അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ വലിയ സന്തോഷമാണ്. അതുതന്നെയാണ് തന്റെയും സന്തോഷം അദ്ദേഹം സൂചിപ്പിക്കുന്നു.
ഏതായാലും എല്ലാ രൂപതകളിലും ഇത്തരത്തിലൊരു സംരംഭം വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അമേരിക്കയിലെ മറ്റ് രൂപതകളും അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കുവാനുള്ള തിരക്കിലാണ്.