ചൂറ്റോടു ചുറ്റും പാമ്പ്,
അന്തോണീനൂസച്ചന്റെ വിഷക്കല്ല് ഉണ്ടായിരുന്നെങ്കില്‍?
ജോര്‍ജ് കൊമ്മറ്റം - ഏപ്രില്‍ 2025
കൊടുംചൂടില്‍ പാമ്പുകള്‍ മാളം വിട്ട് പുറത്തേക്കും പാമ്പുകടിയേറ്റ് മനുഷ്യര്‍ മരണത്തിലേക്കും പോകുന്ന വാര്‍ത്തകള്‍ കണ്ടപ്പോഴാണ് സി.എം.ഐ. വൈദികനായിരുന്ന അന്തോണിനൂസച്ചനെ കുറിച്ച് ഓര്‍ത്തത്. പാമ്പിന് വിഷം വലിച്ചെടുക്കാന്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത വിഷക്കല്ല് വളരെ പ്രശസ്തമായിരുന്നു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ജേണലിസം പഠിക്കുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ എഴുതി. അത് സയന്‍സ് എക്സ്പ്രസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആ വാര്‍ത്ത വായിച്ച് അദ്ദേഹത്തെ കാണാന്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുവരെ ധാരാളം ആളുകള്‍ എത്തിയിരുന്നു.
കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള സെന്റ് തോമസ് മൗണ്ടിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ ക്ലിനിക്. അവിടെതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിഷക്കല്ല് നിര്‍മ്മാണകേന്ദ്രവും.
പാമ്പ് കടിയേറ്റാല്‍ കടിയേറ്റഭാഗത്തോ, കൈയിലോ, കാലിലോ ചെറിയ മുറിവുണ്ടാക്കി. കല്ലുകള്‍ അവിടെ വെക്കും. വിഷമുണ്ടെങ്കില്‍ കല്ല് അവിടെ പറ്റിപ്പിടിച്ചിരിക്കും.ഇല്ലെങ്കില്‍ വിട്ടുപോരുമായിരുന്നു. എങ്കിലും കല്ല് ചാടിപ്പോകാതിരിക്കാന്‍ ചിലപ്പോള്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചുവെക്കുമായിരുന്നു. ഉള്ളിലെത്തിയ വിഷം വലിച്ചെടുക്കാന്‍ ഒരു കല്ല് മതിയായിരുന്നെങ്കിലും രണ്ടോ മൂന്നോ കല്ലുകള്‍ വരെ വെച്ച് അദ്ദേഹം വിഷം വലിച്ചെടുത്തിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വിഷം വലിച്ചെടുത്ത കല്ലുകള്‍ ശുദ്ധമായ പശുവിന് പാലില്‍ ഇട്ട് വെക്കുമായിരുന്നു. പകരം വേറെ കല്ലുകള്‍ വെക്കും. ഒരു ദിവസത്തിനുശേഷം പാലില്‍ നിന്നെടുത്ത കല്ലുകള്‍ ഉണക്കി വീണ്ടും ഉപയോഗിക്കാമായിരുന്നു.
ഗ്രാമങ്ങളിലുള്ളവര്‍ക്ക് അന്നത്തെ കാലത്ത് ആന്റിവെനം ചികിത്സയൊന്നും ലഭ്യമല്ലാതെ അനേകം പേര് പാമ്പ് കടിയേറ്റ് മരിക്കുന്നത് കണ്ട് വിഷ്ണനായ ഫാ. അന്തോണീനസ് കണിയാംകുന്നേല്‍ അനേക വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഈ കല്ല് വികസിപ്പിച്ചെടുക്കയായിരുന്നു. ബെല്‍ജിയത്തില്‍ നിന്നും ശ്രീലങ്കയില്‍ വന്ന മിഷണറിമാരുടെ കുറിപ്പുകളില്‍ നിന്നാണ് അദ്ദേഹം ഈ അമൂല്യവിദ്യ സ്വായത്തമാക്കിയത്.
മലബാര്‍ മിഷനറിമാരില്‍ രോഗശുശ്രൂഷ ചെയ്യുന്നതില്‍ താല്പര്യം കാണിച്ചത് അന്തോണീനുസച്ചനായിരുന്നു. അദ്ദേഹം പാരമ്പര്യ വൈദ്യനെന്ന ലൈസന്‍സ് തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് സമ്പാദിക്കുകയും ഹെര്‍ബല്‍ മെഡിസിന് ചികിത്സയും ഹോമിയോ ചികിത്സയും അഭ്യസിക്കുകയും ചെയ്തു. ഇക്കാലത്താണ് അദ്ദേഹം വിഷക്കല്ല് നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് സിലോണ്‍കാരനായ ഒരു ഈശോ സഭാംഗത്തില്‍ നിന്ന് മനസ്സിലാക്കിയത്. പ്രകൃതിയില്‍ നിന്നുള്ള പ്രത്യേകമരുന്നുകള്‍ നിര്‍ദ്ദിഷ്ട ചൂടില്‍ വേവിച്ച് അതു ചെറിയ കല്ലുരൂപത്തില്‍ ഉരുക്കി ഉറപ്പിച്ചെടുക്കുന്നതാണ് വിഷക്കല്ല്. വിഷക്കല്ല് നിര്‍മ്മാണം വന്‍തോതില്‍ വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ആദ്യത്തെ അദ്ദേഹത്തിന്റെ വിഷചികിതാസകേന്ദ്രം ചപ്പാരപ്പടവിലായിരുന്നു. പിന്നീടാണ് അദ്ദേഹം കോഴിക്കോടെത്തിയത്. 1973 ല്‍ ചപ്പാരപ്പടവില്‍ ഒരു ഡിസ്പന്‍സറി സ്ഥാപിച്ച് വിഷചികിത്സയും നടത്തിയിരുന്നു. ഇന്ത്യയിലെ വലിയ ആശുപത്രികളിലും മിഷന് പ്രദേശങ്ങളിലും ചപ്പാരപ്പടവില്‍ നിന്നുള്ള വിഷക്കല്ലുകള്‍ ഉപയോഗിച്ച് ചികിത്സ നടത്തിയിരുന്നു. പാമ്പുകടിയേറ്റ ആയിരക്കണക്കിനാളുകള്‍ക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ അദ്ദേഹം നിര്‍മ്മിച്ച വിഷക്കല്ലു കൊണ്ട് സാധിച്ചു. 7000 ലധികം ആളുകളെ അന്തോണീനുസച്ചന് തന്നെ ചികിത്സിച്ച് സുഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വിഷക്കല്ല് നിര്‍മ്മിച്ചിരുന്ന ഏക വ്യക്തിഅദ്ദേഹമായിരുന്നു അദ്ദേഹം.
ഹോളണ്ടില്‍ നിന്നുള്ള രണ്ടു സന്ദര്‍ശകര്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണുവാനിടയായി. അവരുടെ കയ്യില്‍ ഹോളണ്ടു നിര്‍മ്മിതമായ വിഷക്കല്ല് ഉണ്ടായിരുന്നു. രണ്ടും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ ഒരു വ്യത്യാസവും ഇല്ലായിരുന്നു എന്നത് അവരെ അതിശയിപ്പിച്ചു. മിഷനറിമാരായിരുന്നു വിഷക്കല്ലിന്റെ ഉപജ്ഞാതാക്കള്‍ എന്നു ചുരുക്കം.
ഹോളണ്ടില്‍ നിന്നുള്ള മിഷനറിമാരായിരുന്നു ശ്രീലങ്കയില്‍ പ്രവര്‍ത്തിച്ചത്. അവരിലൂടെയായിരിക്കാം അന്തോണീനൂസച്ചന് വിഷക്കല്ലിനെക്കുറിച്ച് പഠിച്ചത്. ഏറ്റവും ചിലവ് കുറഞ്ഞതും അങ്ങേയറ്റം സുരക്ഷിതവും ഏതു വിഷത്തിനും ഉപകരിക്കുന്നതും കൈകാര്യം ചെയ്യാന്‍ വളരെയെളുപ്പമുള്ളതുമായ ചികിത്സ പെട്ടെന്നു തന്നെ പ്രചാരം നേടി.
ഓരോ വര്‍ഷവും 1250 കല്ലുകള്‍ വരെ നിര്‍മ്മിച്ചിരുന്നു. 1979 ല്‍ ആദ്ദേഹം ബിജ്നോര്‍ മിഷന് സന്ദര്‍ശിക്കുകയും മിഷനറിമാര്‍ക്ക് ഇതിന്റെ ഉപയോഗം പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തലച്ചോറിന്റെയും ഹൃദയത്തിന്റെയും അടുത്ത ഭാഗങ്ങള്‍ വിട്ട് ശരീരത്തിലെവിടെയെങ്കിലും ഒരുതുള്ളി രക്തം വരുത്താവുന്ന മുറിവുണ്ടാക്കി രക്തത്തോടുചേര്ത്ത് വിഷക്കല്ലു പിടിപ്പിക്കുക എന്നതാണ് ചികിത്സാരീതി. ശരീരത്തിലുള്ള വിഷാംശം രക്തത്തിലൂടെ കല്ലു വലിച്ചെടുക്കുന്നു.
2004- ല്‍ അദ്ദേഹം മരിക്കുന്നതുവരെ കോഴിക്കോട് മേരിക്കുന്നില്‍ വിഷചികിത്സ നടത്തിയിരുന്നു. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ മരണശേഷം വിഷക്കല്ല് ഉണ്ടാക്കുന്ന വിദ്യ മറ്റാരിലേക്കും പകര്‍ന്നുകൊടുക്കാന്‍ കഴിയാതെ, കേരളത്തില്‍ നിന്ന് അന്യം നിന്നുപോയി. ഇന്ന് വിഷക്കല്ല് നിര്‍മ്മിക്കാന്‍ അറിയാവുന്ന ആരും കേരളത്തിലില്ല.
ഇന്ന് അന്തോണിനൂസച്ചനും അച്ചന്റെ വിഷക്കല്ലും ഉണ്ടായിരുന്നെങ്കില്‍, ജനങ്ങള്‍ക്ക് എന്തു സമാധാനമായേനെ. ഇത്തരത്തിലുള്ള അമൂല്യമായ അറിവുകളൊക്കെ നശിപ്പിച്ചുകളയാതെ വരും തലമുറക്ക് കൈമാറാന്‍ നമുക്ക് കഴിയാതെ പോകുന്നത് എത്ര കഷ്ടമാണല്ലേ.
Send your feedback to : onlinekeralacatholic@gmail.com