ഉത്തര്‍പ്രദേശില്‍ പോലീസ് തടഞ്ഞുവച്ച കന്യാസ്ത്രികള്‍ക്ക് നിയമസഹായവുമായ പോയ വൈദികനെതിരെ മതപരിവര്‍ത്തന കേസ്
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഒക്ടോബര്‍ 2021
ഉത്തര്‍പ്രദേശിലെ വാരണാസി പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ച രണ്ട് കന്യാസ്ത്രീകള്‍ക്ക് നിയമസഹായവുമായി പോലീസ് സ്റ്റേഷനിലെത്തിയ വൈദികനെതിരെ മതപരിവര്‍ത്തനത്തിന് പോലീസ് കേസ്. ഈ മാസം 10 നാണ് ഉര്‍സുലിന്‍ ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ റോഷ്നി മിഞ്ച്, സിസ്റ്റര്‍ ഗ്രേസ് മോണ്ടെയ്റോ എന്നിവരെ ആറ് മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചത്. മിര്‍പൂര്‍ കാത്തലിക് മിഷന് സ്കൂള്‍ പ്രിന്‍സിപ്പലാണ് സിസ്റ്റര്‍ ഗ്രേസ് മോണ്ടെയ്റോ. ഇതേസ്കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ റോഷ്നി മിഞ്ച്. ഇവരെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ച വിവരമറിഞ്ഞാണ് ഇന്‍ദാരയിലെ സെന്റ് ജോസഫ്സ് ഇന്റര്‍ കോളജ് പ്രിന്‍സിപ്പലും നോര്‍ബട്ടൈന്‍ സഭാംഗവുമായ ഫാ. ബര്‍ത്തലോമിസ് മിഞ്ച് പോലീസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. അദ്ദേഹം എത്തിയതിനുശേഷമാണ് അവരെ വിട്ടയച്ചതും.
രോഗ ബാധിതനായ പിതാവിനെ കാണാന്‍ ജാര്‍ഖണ്ഡിലേക്ക് പോകുകയായിരുന്ന സിസ്റ്റര്‍ റോഷ്നി മിഞ്ചിനെ യാത്രയ്ക്കാന്‍ കൂടെ പോയതായിരുന്നു സിസ്റ്റര്‍ മോണ്ടെയ്റോ. സംഘടിച്ച് എത്തിയ ബജ്റംഗദളിന്റെയും ഹിന്ദുയുവവാഹിനിയുടെയും പ്രവര്‍ത്തകര്‍ ബസ്സ്റ്റാന്റില്‍നിന്നും അവരെ ബലമായി പോലീസ് സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോകുകയായിരുന്നു. കന്യാസ്ത്രീകളോട് വളരെ മോശമായ രീതിയില്‍ അക്രമികള്‍ സംസാരിക്കുകയും ചെയ്തു. അവരെ ബസ് സ്റ്റാന്റിലേക്ക് കൊണ്ടുപോയ സ്കോര്‍പിയോയുടെ താക്കോല്‍ ഊരിയെടുത്ത് ഡ്രൈവറെയും ക്രൂരമായി മര്‍ദ്ദിച്ചു. വാരണാസിക്കു സമീപം മാവു ജില്ലയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന ക്രൈസ്തവരെ ബജ്റംഗദള്‍, ഹിന്ദുയുവവാഹിനി സംഘടനകളുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥിച്ചവരുടെ ഒപ്പം ഉള്ളവരാണ് എന്നാരോപിച്ചായിരുന്നു അവരെ തടഞ്ഞത്.
പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിന്റെ പേരില്‍ അക്രമിക്കപ്പെട്ടവര്‍ക്ക് എതിരെ പോലീസ് കള്ളക്കേസ് എടുക്കുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, മയക്കുമരുന്ന്-ലഹരി ഉപയോഗം, പണവും ജോലിയും വാഗ്ദാനം ചെയ്ത് ബലമായി മതപരിവര്‍ത്തനം നടത്തി, ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയേയും യുപി മുഖ്യമന്ത്രിയേയും അവഹേളിച്ചു എന്ന കുറ്റവും ഇവരുടെമേല്‍ ചുമത്തിയിട്ടുണ്ട്.
തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണ്. പോലീസ് അക്രമകാരികള്‍ക്ക് സഹായകരമായ നിലപാടുകളാണ് എല്ലായിടത്തും സ്വീകരിക്കുന്നത്.
Send your feedback to : onlinekeralacatholic@gmail.com