നടക്കാന്‍ കഴിയാത്ത ക്രൈസ്തവനും കണ്ണുകാണാത്ത മുസല്‍മാനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ഫോട്ടോ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ജോര്‍ജ് കൊമ്മറ്റം - ഒക്ടോബര്‍ 2021
ചെറുപ്പത്തിലെ തളര്‍വാതം വന്ന് തളര്‍ന്നുപോയ ക്രൈസ്തവനും കണ്ണുകാണാന്‍ കഴിയാത്ത മുസല്‍മാനും തമ്മിലുള്ള അനിതരസാധാരണമായ ആത്മബന്ധത്തിന്റെ കഥപറയുന്ന ഈ ഫോട്ടോ ലോകത്തെ സ്പര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യന് മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം പോരടിച്ചുതീരുവാനുള്ളവരല്ലെന്നും ഒരാളുടെ കുറവ് മറ്റൊരാളുടെ കഴിവുകൊണ്ട് പരിഹരിക്കുമ്പോഴാണ് സമൂഹത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതെന്നും വിളിച്ചോതുന്നതാണ് അടുത്തകാലത്ത് വൈറലായ ഈ പഴയ ചിത്രം. വര്‍ഗ്ഗീയതയും മതാന്ധതയും കൊടുകുത്തിവാഴുന്ന ഈ കാലത്ത് ഇതുപോലൊരു ചിത്രം ലോകത്തെ വീണ്ടും ഇരുത്തി ചിന്തിപ്പിക്കുന്നുവെങ്കില് അതില്‍ അത്ഭുതപ്പെടാനില്ല. കണ്ണുള്ളവന് കാണട്ടെ.
ഓട്ടോമാന്‍ സിറിയയിലെ ഡമാസ്ക്കസില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്നവരായിരുന്നു ക്രൈസ്തവനായ സമീറും മുസല്‍മാനായിരുന്ന മുഹമ്മദും. അനാഥത്വവും വൈകല്യങ്ങളും അവരെ ആത്മമിത്രങ്ങളാക്കി മാറ്റി. ഈജിപ്ത് ഇന്‍ഡിപെന്‍ഡന്റ് എന്ന ന്യൂസ് സൈറ്റും സോഷ്യല്‍ മീഡിയയും പറയുന്നത് ക്രിസ്ത്യാനിയായിരുന്ന സമീര്‍ തളര്‍വാതം വന്ന് നടക്കാന്‍ പറ്റാത്ത വ്യക്തിയായിരുന്നു. മുഹമ്മദ് ആകട്ടെ ആരോഗദൃഡഗാത്രനായിരുന്നുവെങ്കിലും കണ്ണിന് കാഴ്ചയില്ലായിരുന്നു. അതുകൊണ്ട് സമീറിനെ മുഹമ്മദ് ചുമലിലേറ്റി തെരുവുകള്‍ തോറും നടന്നുപോയി ഭിക്ഷയാചിച്ച് ഉപജീവനം കഴിച്ചുപോന്നു. തോളിലിരിക്കുന്ന സമീര്‍ അന്ധനായ മുഹമ്മദിന് വഴി പറഞ്ഞുകൊടുക്കും. അങ്ങനെ അവരുടെ വൈകല്യം സുദൃഡമായ ആത്മബന്ധത്തിലൂടെ പരിഹരിക്കപ്പെട്ടു. ഒരാള്‍ വെളിച്ചവമായപ്പോള് അപരന് പാദങ്ങളായി മാറി. യാചകരായിരുന്ന അവര്‍ നഗരത്തിന്റെ കോണുകളിലെവിടെയോ തികച്ചും ദരിദ്രമായ പരിസരങ്ങളിലായിരുന്നു കഴിഞ്ഞിരുന്നത്. രണ്ടുപേരും അനാഥരായിരുന്നു. സമീറിന്റെ കണ്ണുകളിലെ വെളിച്ചമില്ലാതെ മുഹമ്മദിന് തെരുവീഥികളിലൂടെ നടക്കാന്‍ കഴിയുമായിരുന്നില്ല. മുഹമ്മദിന്റെ പാദങ്ങളില്ലാതെ സമീറിന് തെരുവുകള്‍ തോറും കറങ്ങുവാനും കഴിയുമായിരുന്നില്ല. സമീര്‍ മരിച്ചപ്പോള്‍ തന്റെ ആത്മമിത്രത്തെ നഷ്ടപ്പെട്ട മുഹമ്മദ് ഏഴു ദിവസം കരഞ്ഞുവെന്നാണ് പറയപ്പെടുന്നത്. പ്രിയ സുഹൃത്തിന്റെ വേര്‍പാട് താങ്ങാനാകാതെ മുഹമ്മദിന്റെ ജീവിതം അധികം നീണ്ടുനിന്നില്ല. മുഹമ്മദും സുഹൃത്തിന്റെ വഴിയെ മരണത്തെ പുല്കി.
ഈ കഥയുടെ സത്യാവസ്ഥ വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല. പക്ഷേ, അനിതരസാധാരണമായ ഈ ആത്മബന്ധം വെളിപ്പെടുത്തുന്ന ഈ ഫോട്ടോ ഒറിജിനല്‍ തന്നെയാണ്. 1889 ല്‍ ടാന്ക്രിഡെ ടുമാസ് എന്ന ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം ഒപ്പിയെടുത്തത്. അദ്ദേഹത്തിന് ബെയ്റൂട്ടില്‍ ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു. അമേരിക്കന്‍ പാലസ്റ്റീന്‍ എക്സ്പ്ലോറേഷന്‍ സൊസൈറ്റി ജോര്‍ദാന്റെ കിഴിക്കുഭാഗത്തുള്ള പ്രദേശങ്ങളുടെ ഫോട്ടോ എടുക്കുന്നതിനുവേണ്ടി നിയോഗിച്ചതായിരുന്ന ടൂമാസിനെ. ഫോട്ടോഗ്രാഫര്‍ ടു ദ ഇംപീരിയല്‍ ആന്‍ഡ് റോയല്‍ കോര്‍ട്ട് ഓഫ് പ്രഷ്യ എന്നായിരുന്നു ഈ പ്രശസ്തനായ ഫോട്ടോഗ്രാഫറെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതാണ് ഈ അപൂര്‍വ്വ ചിത്രം. ഈ ഫോട്ടോ യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
Send your feedback to : onlinekeralacatholic@gmail.com