സകല വിശുദ്ധരുടെയും തിരുന്നാള്‍ ഏതു വിശുദ്ധരുടെ തിരുന്നാള്‍ ആണെന്നറിയാമോ?
ജെയ്സണ്‍ പീറ്റര്‍ - നവംബര്‍ 2021
നവംബര്‍ 1 സകലവിശുദ്ധരുടെയും തിരുന്നാള്‍ എന്നാണ് അറിയപ്പെടുന്നത്. അത് സഭയിലെ വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട, സഭ ഔദ്യോഗികമായി വിശുദ്ധരെന്ന് വിളിക്കുന്ന എല്ലാ വിശുദ്ധരുടെയും തിരുന്നാള്‍ ആണോ? അല്ല. അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. സകലവിശുദ്ധരുടെയും തിരുന്നാള്‍ എന്നാല്‍ ഈ ലോകത്തിലൂടെ കടന്നുപോയ എല്ലാ വിശുദ്ധാത്മാക്കളുടെയും തിരുന്നാള്‍ ആണ്. ആ വിശുദ്ധരെക്കുറിച്ച് ലോകം അറിയുകയോ വാഴ്ത്തപ്പെടുകയോ ചെയ്യുന്നില്ല. എങ്കിലും സഭ അവരെ നവംബര്‍ 1 ന് പ്രത്യേകം ഓര്‍ക്കുന്നു.
അതില്‍ ഒരു പക്ഷെ വിശുദ്ധരായി ജീവിച്ച നമ്മുടെ ഗ്രാന്‍ഡ് മദറും ഫാദറും മാതാപിതാക്കളും ഒക്കെ ഉണ്ടാകാം. അതില്‍ തെരുവീഥികളില്‍ അലഞ്ഞ് ദരിദ്രരായി കടന്നുപോയവരുണ്ടാകാം, യാചകരുണ്ടാകാം. ആരുമറിയാതെ വിശുദ്ധജീവിതം നയിച്ചവരെല്ലാം ഉണ്ടാകാം.
സകല വിശുദ്ധരുടെയും തിരുന്നാളിനെക്കുറിച്ച് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 2002 ല്‍ നല്കിയ ഒരു സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു.
ഇന്ന് സഭ, ലിറ്റര്‍ജി സൂചിപ്പിക്കുന്നതനുസരിച്ച്, ഒറ്റ തിരുന്നാളില്‍ എല്ലാ വിശുദ്ധരുടെയും ഗുണങ്ങളും മഹത്വവും ആഘോഷിക്കുന്നു; നൂറ്റാണ്ടുകളായി സഭ വിശുദ്ധരായി നാമകരണം ചെയ്തപ്പെട്ടവരുടെ മാത്രമല്ല, ഈ ലോകത്തില്‍ അറിയപ്പെടാതെ വിശുദ്ധരായി ജീവിക്കുകയും, ദൈവം മാത്രം അറിയുകയും നിത്യരാജ്യത്തില്‍ തെളിയുകയും ചെയ്യുന്ന വിശുദ്ധിയോടെ ജീവിതം നയിച്ച് കടന്നുപോയ അസംഖ്യം സ്ത്രീ, പുരുഷന്മാരെയും നാം അനുസ്മരിക്കുന്നു.
യഥാര്‍ത്ഥത്തില്‍, സ്വര്‍ഗ്ഗത്തിലുള്ള അസംഖ്യം വിശുദ്ധരുടെ ഭാഗമാകുവാന്‍ നമുക്കും കഴിയും, വിശുദ്ധരായി വാഴ്ത്തപ്പെട്ടിട്ടില്ലെങ്കില് പോലും. സത്യത്തില്‍ സകലവിശുദ്ധരുടെയും തിരുന്നാള്‍ വിശുദ്ധജീവിതം നയിക്കുന്ന എല്ലാവരുടെയും തിരുന്നാളാണ്.
Send your feedback to : onlinekeralacatholic@gmail.com