നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഭീകരതയുടെ മുഖങ്ങള്‍: കത്തോലിക്ക കോണ്‍ഗ്രസ്
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - സെപ്തംബര്‍ 2021
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും കേരളീയ സമൂഹത്തിനു വലിയ വിപത്താണെന്ന പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു. കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയില്‍ ഇത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നു സംഘടന ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നു സ്ഥാപിക്കാന്‍വേണ്ടി ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത വളരെ സങ്കടകരമാണ്. ഒരു വിഭാഗം ആളുകളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, കേരളത്തിലെ സാധാരണക്കാരുടെ കുടുംബബന്ധങ്ങളെയും ജീവിതത്തെയും ദൂരവ്യാപകമായി സ്വാധീനിക്കുന്നു എന്നതു തിരിച്ചറിയണം.
സഭാമക്കളോടു പാലാ ബിഷപ് നടത്തിയ പ്രസംഗം, സഭയിലുള്ള വിശ്വാസികളും കുടുംബാംഗങ്ങളും ചെറുപ്പക്കാരും ജാഗ്രതയോടെ ആയിരിക്കുവാനും കേരളത്തില്‍ മതസ്പര്‍ധ ഉളവാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുമുള്ള ഉദ്ബോധനത്തിന്റെ ഭാഗമാണ്. അതിനെ മതസ്പര്‍ധയായി ചിത്രീകരിക്കുന്നത് ഗൂഡലക്ഷ്യങ്ങളുള്ള നീക്ഷിപ്ത താല്പര്യക്കാരാണ്.
സമൂഹത്തില്‍ മതതീവ്രത സ്ഥിരമായി പ്രചരിപ്പിക്കുന്ന ആളുകള്‍, ഇപ്പോള്‍ ഇതിനെതിരെ പ്രതികരിക്കുന്നതു കാണുമ്പോള്‍ ആരാണ് ഇത്തരം ജിഹാദുകള്ക്കു പിന്നിലെന്നത് സമൂഹത്തിനു വ്യക്തമായി ബോധ്യപ്പെടുന്നുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ചില രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അനുചിതമാണ്. അവ പിന്‍വലിക്കണം.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഡിജിപിമാരടക്കമുള്ളവരും ഇത്തരം ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം തമസ്ക്കരിച്ച് ഇതില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന കേരളീയ സമൂഹത്തിനുതന്നെയുള്ള വലിയൊരു മുന്നറിയിപ്പാണ്. ലൗ ജിഹാദിലൂടെ നിരവധി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ഈ നാളുകളില്‍ മാധ്യമങ്ങളില്‍ത്തന്നെ കൃത്യമായി വന്നതാണ്.
കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നതും നാര്‍ക്കോട്ടിക് ജിഹാദിന്റെ ഭാഗമാണ്. ഒരു ചെറിയ ശതമാനം ആളുകള്‍ വളരെ ഗൂഡലക്ഷ്യങ്ങളോടെ മറ്റാര്‍ക്കോ വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്.
കേരളത്തിലേക്കുള്ള മയക്കുമരുന്നിന്റെ വരവും കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്ന രീതികളും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള ആളുകളെ സംബന്ധിച്ചും ഗൂഡാലോചനകളെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Send your feedback to : onlinekeralacatholic@gmail.com